റെക്കോഡ് ഭേദിക്കാൻ ഹിബ ഹബീബ് വരക്കുന്നു

തളിക്കുളം: ചിത്രങ്ങള്‍ വരച്ച് നിലവിലെ ഗിന്നസ് റെക്കോഡ്​ ഭേദിക്കാനൊരുങ്ങി തളിക്കുളത്തുകാരി ഹിബ ഹബീബ്. 1100 മീറ്റര്‍ കോട്ടണ്‍ തുണിയില്‍ ആയിരം ചിത്രങ്ങളാണ് വിവിധ ചിത്രരചന രീതികളില്‍ വരക്കുന്നത്. 20 മീറ്ററാണ് ഇനി വരക്കാന്‍ ബാക്കിയുള്ളത്. അത് ഉടന്‍ പൂര്‍ത്തിയാക്കും. ഗിന്നസ് ബുക്ക് അധികൃതരുടെ മാർഗ നിർദേശമനുസരിച്ച് ഏപ്രില്‍ 15നാണ് ചിത്രരചന തുടങ്ങിയത്. മേയ് 15നാണ് ചിത്രരചന പൂര്‍ത്തിയാക്കേണ്ടത്. ദിവസം 18 മണിക്കൂര്‍ ചിത്രരചനക്ക് ചെലവിടാറുണ്ടെന്ന് ഹിബ പറഞ്ഞു. ആഫ്രിക്കന്‍ പാറ്റേണിലുള്ള രണ്ട് മീറ്റര്‍ നീളമുള്ള ചിത്രമാണ് വരച്ചതില്‍ വലുത്. കഥകളി, വള്ളംകളി, ലാന്‍ഡ് സ്‌കേപ്പുകള്‍, ചരിത്ര ഗുഹകള്‍ എന്നിവയൊക്കെ വരച്ചിട്ടുണ്ട്. ചരിത്ര സംഭവങ്ങള്‍, വിവിധ സംസ്കാരങ്ങള്‍ എന്നിവയും ഹിബയുടെ രചനയിലുണ്ട്. രണ്ട് മാസംകൊണ്ട് 914 മീറ്റര്‍ ചിത്രരചന നടത്തിയ ചൈനീസ് ചിത്രകാരന്‍ ഗൂഫെങിന്റെ പേരിലാണ് ഏറ്റവും നീളം കൂടിയ ചിത്രരചനക്കുള്ള ഗിന്നസ് റെക്കോഡ്​ നിലവിലുള്ളത്. കോയമ്പത്തൂര്‍ നെഹ്‌റു കോളജില്‍ മൂന്നാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിയായ ഹിബ തളിക്കുളം അയിനിച്ചോട് പണിക്കവീട്ടില്‍ ഹബീബിന്‍റെയും ഹസീനയുടെയും മകളാണ്. രണ്ട് സഹോദരിമാരുണ്ട്. ഹിബയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ഞായറാഴ്ച പത്ത് മുതല്‍ ഏഴ് വരെ തളിക്കുളം സ്‌നേഹതീരത്ത് നടക്കും. സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പ്രദർശനം നടത്തുക. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് അംഗം കെ.കെ. സൈനുദ്ദീന്‍, പി.എച്ച്. സൈനുദ്ദീൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.