ബദറുദ്ദീൻ
അടൂർ: ജില്ല പൊലീസ് ഡാൻസാഫ് ടീമും ഏനാത്ത് പൊലീസും നടത്തിയ സംയുക്തനീക്കത്തിൽ ആറുകിലോ കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കിൽ കഞ്ചാവുമായെത്തിയ പഴകുളം ചരിവുപറമ്പിൽ വീട്ടിൽ ബദറുദ്ദീനാണ് (29) അറസ്റ്റിലായത്. കൊട്ടാരക്കര ഭാഗത്തുനിന്ന് കഞ്ചാവുമായി വന്ന ബൈക്ക് ഡാൻസാഫ് സംഘവും ഏനാത്ത് പൊലീസും ചേർന്ന് കഴിഞ്ഞദിവസം രാത്രി എട്ടോടെ ഏനാത്ത് പാലത്തിന് സമീപം സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാലത്തിന് നടുവിൽ കൈകാണിച്ച് നിർത്താൻ ശ്രമിക്കവേ, ഹെൽമെറ്റ് ഊരി പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കാനും ശ്രമിച്ചു. വളരെ ശ്രമകരമായാണ് പ്രതിയെ പൊലീസ് സംഘം കീഴടക്കിയത്. ബൈക്കും ഷോൾഡർ ബാഗിൽ മൂന്ന് പൊതികളിലായി സൂക്ഷിച്ച ആറ് കിലോ കഞ്ചാവും പിടിച്ചെടുത്തു. ബൈക്കിന്റെ നമ്പർ എളുപ്പം കാണാൻ സാധിക്കാത്തവിധം മറച്ച നിലയിലായിരുന്നു.
മാസങ്ങളായി പ്രതി പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ഉമേഷ് കുമാർ, ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ അമൃത് സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
അടൂർ- പഴകുളം എന്നിവിടങ്ങളിൽ വ്യാപകമായി കഞ്ചാവ് കൈമാറ്റവും കച്ചവടവും നടക്കുന്നതായി പൊലീസിന് രഹസ്യവിവരമുണ്ടായിരുന്നു.
ഏനാത്ത് പൊലീസ് ഇൻസ്പെക്ടർക്കൊപ്പം, പൊലീസ് ഉദ്യോഗസ്ഥരായ സാജൻ പീറ്റർ, ഷൈൻ, അമൽ, യൂനുസ്, സുനിൽ, അടൂർ സ്റ്റേഷനിലെ ശ്യാം എന്നിവരും, ഡാൻസാഫ് ടീമിലെ ഉദ്യോഗസ്ഥരുമാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.