വടശേരിക്കരയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ച നിലയിൽ
പത്തനംതിട്ട: വടശേരിക്കരയിൽ വീണ്ടും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ. ടൗണിന് തൊട്ടടുത്തുള്ള കാർമേൽ ഓഡിറ്റോറിയത്തിന് സമീപംവരെ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം എത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. തുടർച്ചയായി കാടുവിട്ട് ജനവാസ മേഖലയിലെത്തുന്ന കാട്ടാനകൾ കാർഷിക വിളകൾ ചവിട്ടിമെതിച്ചു കളയുന്നതിനൊപ്പം തെങ്ങും കവുങ്ങും പ്ലാവുമെല്ലാം തള്ളിമറിച്ചിട്ടാണ് മടങ്ങുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ ആനകൾ മേഖലയിൽ വ്യാപകമായ കൃഷിനാശമാണ് വരുത്തിയത്. മുളമൂട്ടിലെ വസ്തുവിൽ കൃഷി ചെയ്യുന്ന സാബു പുളിക്കൽ, പരുവാനിക്കലിലെ വസ്തുവിൽ കൃഷി നടത്തുന്ന റെജി എന്നിവരുടെ അഞ്ഞൂറോളം വാഴകളും കപ്പയുമാണ് ആനകൾ നശിപ്പിച്ചത്. കുലച്ച വാഴകളാണ് കൂടുതലായും നശിപ്പിക്കപ്പെട്ടത്. വടശേരിക്കര ഗവ.എൽ.പി സ്കൂളിൽനിന്നും കേവലം നൂറുമീറ്റർ മാത്രം അകലെ വരെ ആനകൾ എത്തിയത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ടൗണിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽപോലും ആനകൾ യഥേഷ്ടം വിഹരിക്കുകയാണ്. ഇത് ജനങ്ങളുടെ സുരക്ഷക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. വർഷങ്ങളായുള്ള അധ്വാനമാണ് ഒരു രാത്രി കൊണ്ട് ഇല്ലാതാകുന്നത്.
ടൗണിന് തൊട്ടടുത്ത് പോലും ആനകൾ എത്തുന്നത് തടയാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടാനശല്യം തടയാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാകണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ പറഞ്ഞു. കാട്ടുപന്നിയും കുരങ്ങുകളും മലയണ്ണാനും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെയാണ് കാട്ടാനകളുടെ വിളയാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.