പത്തനംതിട്ട: പതിവായി ഇറങ്ങുന്ന കാട്ടാനയും കടുവയും മുലം കുമ്പളത്താമൺ, ഒളികല്ല് നിവാസികളുടെ ജീവിതം തന്നെ താറുമാറായി. ഇടക്കിടെ ജനവാസമേഖലയിലെത്തുന്ന നാല് കാട്ടാനകൾ ഭീഷണിയായി തുടരുന്നതിനിടയിലാണ് കടുവയും പതിവ് സന്ദർശകനായത്. കൂടാതെ കാട്ടുപോത്തും പതിവായി നാട്ടിലിറങ്ങുന്നു.
ആറ് മാസത്തിലേറെയായി ജനം സന്ധ്യ മയങ്ങിയാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കഴിഞ്ഞദിവസം ഒളികല്ലിൽ വനാതിർത്തിയോട് ചേർന്ന താമസക്കാർ നൂറ് മീറ്റർ അകലെ കടുവയെ കണ്ടിരുന്നു. രാത്രിയിൽ കുഴികാലായിൽ പടിക്ക് സമീപം കാട്ടാനക്കൂട്ടം എത്തി. മൂന്ന് കാട്ടാനകളും കുട്ടിയാനയും ഉണ്ടായിരുന്നു. ഒരാഴ്ചയോളമായി ഇവ കല്ലാറിന് ഇരുകരകളിലെയും കുമ്പളത്താമൺ, ഒളികല്ല് എന്നിവിടങ്ങളിൽ നാശംവിതയ്ക്കുകയാണ്.
കഴിഞ്ഞ ദിവസമായി കുമ്പളത്താമണ്ണിൽ ജോയ് കണ്ണാട്ടുമണ്ണിലിന്റെയും ചക്കാലമണ്ണിൽ മോനച്ചന്റെയും കമുകുകളും നശിപ്പിച്ചു. നേരത്തെ ടോർച്ച് വെളിച്ചം കണ്ണിലേക്ക് തെളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്താൽ ആന മടങ്ങുമായിരുന്നു. ഇപ്പോൾ അവിടെത്തന്നെ നില്ക്കുന്ന സ്ഥിതിയാണ്. നാട്ടുകാർ ഏറെ നേരം ബഹളം വെച്ചാലാണ് ഇവ മടങ്ങുന്നത്. ഒരുമാസം മുമ്പാണ് കുമ്പളത്താമൺ ജംഗിൾബുക്ക് ഫാമിലെ പോത്തിനെ കടുവ കൊന്നത്. അന്ന് മുതൽ നാട് കടുവ ഭീതിയിലായിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾ കടുവയുടെ സാന്നിധ്യ ഇല്ലാതിരുന്നതിനാൽ ഇത് ഉൾ വനത്തിലേക്ക് മടങ്ങിക്കാണുമെന്ന ആശ്വാസത്തിലായിരുന്നു ജനം. ഇതിനിടെയാണ് ഭീതിപരത്തി വീണ്ടും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.