കോഴഞ്ചേരി: മഴയുടെ കുറവിൽ പമ്പയിൽ വെള്ളം കുറഞ്ഞതും പല ഭാഗങ്ങളിലും മൺപുറ്റുകൾ ഉയർന്നതും ചളിയുംമൂലം പമ്പാനദിയിൽ നടക്കേണ്ട ജലോത്സവങ്ങൾ പ്രതിസന്ധിയിലായി. ശനിയാഴ്ച നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയും വെള്ളത്തിന്റെ കുറവുമൂലം ഭീഷണിയിലാണ്. വെള്ളത്തിന്റെ കുറവ് പരിഹരിക്കാൻ മണിയാർ അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിടാൻ സാധ്യതയുണ്ട്.
അതേസമയം മണിയാർ അണക്കെട്ടിലെ ജലനിരപ്പും താഴ്ന്ന നിലയിലാണ്. വള്ളംകളി നടക്കുന്ന സത്രക്കടവിൽ ഈമാസം 16ന് രേഖപ്പെടുത്തിയ ജലനിരപ്പ് 0.46 മീറ്ററാണ്. പമ്പയിലെ അപകടകരമായ ജലനിരപ്പ് ആറ് മീറ്ററാണ്. ആറന്മുള സത്രക്കടവിന് താഴ്ഭാഗത്തുള്ള ആദിപമ്പ - വരട്ടാർ ജലോത്സവം വെള്ളമില്ലാത്തതിനാൽ മാറ്റിവെച്ചു. ഞായറാഴ്ച നടക്കേണ്ട മത്സര വള്ളംകളിക്ക് പകരം പ്രതീകാത്കമായി വഞ്ചിപ്പാട്ട് മത്സരം മാത്രം നടക്കും.
എന്നാൽ, തൃപ്തികരമായ ജലനിരപ്പുള്ള കല്ലിശ്ശേരി ഇറപ്പു ചതയം ജലോത്സവം 31ന് തടസ്സമില്ലാതെ നടക്കും. ആചാരപരമായ ചടങ്ങുകൾക്ക് കാട്ടൂരിലേക്ക് പുറപ്പെടേണ്ട തിരുവോണത്തോണി നദിയിൽ ഇറക്കി. ഇതിനിടെ പള്ളിയോടങ്ങളുടെ (ചുണ്ടൻ വള്ളങ്ങൾ) യാത്രയും ബുദ്ധിമുട്ടിലാണ്. ആറന്മുള ക്ഷേത്രത്തിൽ നടന്നുവരുന്ന വള്ളസദ്യയിൽ പങ്കെടുക്കാൻ വിവിധ പ്രദേശങ്ങളിലെ പള്ളിയോടങ്ങൾ പെടാപ്പാട് പെട്ടാണ് നദിയിൽ കൂടി ക്ഷേത്രക്കടവിൽ എത്തുന്നത്. ചെന്നിത്തല മുതൽ റാന്നി ഇടക്കുളം വരെ 52 കരകളിലെ പള്ളിയോടങ്ങളാണ് ആറന്മുള വള്ളസദ്യ വഴിപാടിലും ജലോത്സവത്തിലും പങ്കെടുക്കാൻ പമ്പയിലൂടെ തുഴഞ്ഞെത്തുന്നത്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കുന്ന മഴ ഈ സീസണിൽ ലഭിക്കാതിരുന്നതും പതിവില്ലാത്ത കാലാവസ്ഥ മാറ്റവും നദിയിലെ ജലനിരപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പമ്പാനദിയിലെ അശാസ്ത്രീയ നിർമാണവും പ്രളയത്തിൽ നദിയുടെ ഒഴുക്കിൽ വന്ന വ്യതിയാനവുമാണ് ചുണ്ടൻ വള്ളങ്ങളുടെ യാത്രക്ക് ഭീഷണിയായത്. ആറന്മുളയുടെ കിഴക്ക് ഭാഗത്തെ പരപ്പുഴ കടവ് മുതൽ പടിഞ്ഞാറ് ആഞ്ഞിലിമൂട്ടിൽ കടവ് വരെ നദിയുടെ അടിത്തട്ട് തെളിഞ്ഞുനിൽക്കുന്നതിനാൽ നാല് കിലോമീറ്ററോളം പള്ളിയോടങ്ങളുടെ വരവ് ദുഷ്കരമാണ്.
ജലനിരപ്പ് താഴ്ന്ന് നിൽക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ നദിയിലെ മൺപുറ്റ് നീക്കിയാൽ പള്ളിയോടങ്ങൾക്ക് സുഗമമായി വരാനും തിരികെ മടങ്ങാനും സാധിക്കും. ഈ ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും അധികൃതർ ഇത് ഗൗരവമായി എടുക്കാറില്ല. ജലനിരപ്പ് താഴ്ന്നു നിൽക്കുമ്പോൾ നദിയിൽ മണ്ണുമാന്തിയന്ത്രം ഇറക്കി മൺപുറ്റ് നീക്കിയാൽ നദിയിൽ ഇവ തെളിഞ്ഞു നിൽക്കുന്നത് എവിടെയെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. വള്ളസദ്യ- വള്ളംകളിക്ക് മുന്നോടിയായി ഒരിക്കൽ കൂടി മൺപുറ്റ് നീക്കിയാൽ, ചടങ്ങുകൾക്ക് ബുദ്ധിമുട്ട് നേരിടുകയുമില്ല. എന്നാൽ, കാലങ്ങളായി മൺപുറ്റ് നീക്കം ജല അതോറിറ്റി അധികൃതർ നടത്തുന്നത് ജൂൺ മാസാരംഭത്തിലാണ്. നദിയിൽ ജലനിരപ്പ് ഉയരുന്ന ജൂൺ ആദ്യവാരത്തിലാണ് ഈ വർഷവും ആറന്മുള ക്ഷേത്രക്കടവിൽ മൺപുറ്റ് നീക്കിയത്. ഇപ്രാവശ്യം മൺപുറ്റ് നീക്കാനും ചളിവാരാനും 15 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. എന്നാൽ, സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് എങ്ങനെയെങ്കിലും വഴിപാട് പോലെ പണികൾ നടത്തി പണം ചെലവഴിക്കുന്നതാണ് എല്ലാവർഷവും കാണുന്നത്. വിവിധ കരകളുടെ കടവുകളിലെയും ക്ഷേത്രക്കടവിലും പുറ്റ് നിറഞ്ഞത് നീക്കണമെന്ന് വിവിധ സംഘടനകൾ ജില്ല ഭരണകൂടത്തെ അറിയിച്ചിരുന്നു.
കിഴക്കൻ, മധ്യ, പടിഞ്ഞാറൻ മേഖലകളിൽനിന്ന് എത്തുന്ന പള്ളിയോടങ്ങൾ രണ്ടാഴ്ചയിലധികമായി ആറന്മുള ക്ഷേത്രക്കടവിൽ എത്താനാകാതെ ബുദ്ധിമുട്ടുകയാണ്. പല വള്ളങ്ങളും മൺപുറ്റിൽ പുതയുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
പുറ്റിലോ ചളിയിലോ ഇറക്കുന്ന ചുണ്ടൻ വള്ളങ്ങൾ ബോട്ട് കെട്ടിവലിച്ചാൽപോലും മുന്നോട്ട് നീങ്ങാനാകാത്ത അവസ്ഥയാണ്. ഇങ്ങനെ കെട്ടിവലിക്കുന്നത് ചുണ്ടൻ വള്ളങ്ങൾക്ക് കേടുപാടുണ്ടാകാനും കാരണമാകുമെന്ന് നിർമാണ വിദഗ്ധർ പറയുന്നു. കിഴക്കൻ മേഖലയിൽനിന്ന് വരുന്നവ ആറന്മുള ക്ഷേത്രക്കടവിന് മുകൾ ഭാഗത്തും പടിഞ്ഞാറൻ കരകളിൽ നിന്നുള്ളവ മേൽശാന്തി മഠത്തിന് പടിഞ്ഞാറ് ഭാഗത്തും കെട്ടിയിട്ടശേഷം ചളിയിൽകൂടി നടന്നാണ് ഭക്തർ വഴിപാട് സദ്യക്ക് എത്തുന്നത്. ഇപ്രാവശ്യം ജൂൺ 23നാണ് വള്ളസദ്യ ചടങ്ങുകൾ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.