പത്തനംതിട്ട: ജില്ലയിലെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി പമ്പാവാലിയിൽനിന്ന് പത്തനംതിട്ടക്ക് അടുത്തയാഴ്ച തുടങ്ങും. പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഓർഡിനറി ബസ് ഇതിനായി അനുവദിച്ചു. പമ്പാവാലി, നാറാണംതോട്, കിസുമം, മൂലക്കയം, കണമല പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് സർവിസ്. ഇപ്പോൾ പമ്പാവാലിയിൽനിന്ന് പത്തനംതിട്ടക്ക് ബസില്ല. പമ്പാവാലി, ഇലവുങ്കൽ, പ്ലാപ്പള്ളി, ളാഹ, പെരുനാട്, വടശ്ശേരിക്കര വഴിയാണ് പത്തനംതിട്ടക്ക് സർവിസ്. പമ്പാവാലിയിൽനിന്ന് രാവിലെ യാത്ര തുടങ്ങും.
കെ.എസ്.ആർ.ടി.സി തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്നാണ് പദ്ധതി ആരംഭിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ സഞ്ചാരയോഗ്യമായ എല്ലാ റോഡുകളിലും എത്തുന്ന രീതിയിൽ സർവിസ് നടത്താനാണ് ഗ്രാമവണ്ടി തുടങ്ങുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതുഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ഗ്രാമവണ്ടി പദ്ധതി ഏറെ സഹായകമാകും. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും യാത്രാ സൗകര്യങ്ങൾ പരിമിതമാണ്. സ്വകാര്യ ബസ് സർവിസിനെയാണ് പ്രധാനമായും ജനം ആശ്രയിക്കുന്നത്. എന്നാൽ, കോവിഡ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവിസ് നിർത്തിയത് യാത്ര ദുരിതം ഇരട്ടിയാക്കി.
ജില്ലയിലെ പല റൂട്ടുകളിലും യാത്രക്ലേശം അതിരൂക്ഷമാണ്. മലയോരമേഖലകളിലും ഉൾപ്രദേശങ്ങളിലും സമയത്ത് ചെന്നെത്താൻ പ്രയാസമാണ്. പ്രധാന റൂട്ടുകളിൽപോലും മണിക്കൂറുകൾ കാത്തുനിന്നാലെ ബസ് കിട്ടൂ. ഞായറാഴ്ചകളിൽ ഭൂരിഭാഗം സ്വകാര്യ ബസുകളും ഓടാറില്ല. വൈകീട്ട് ആറു മണി കഴിഞ്ഞാൽ പിന്നെ ജില്ല ആസ്ഥാനത്തുനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ വലിയ വിഷമമാണ്.
സർവിസ് നടത്തുന്ന ബസുകൾക്ക് ഡീസലിനുള്ള തുക മാത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ മതിയാകും. സ്റ്റേ ബസുകള്‍ വേണ്ടി വന്നാല്‍ ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിങ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർപാർട്സുകൾ, ഇൻഷ്വറൻസ് എന്നിവയുടെ ചെലവ് കെ.എസ്.ആർ.ടി.സിയും വഹിക്കും.
ഒന്നിലധികം പഞ്ചായത്തുകൾക്കു പരസ്പരം സഹകരിച്ചും പദ്ധതിയിൽ പങ്കാളികളാകാം.നേരത്തേ കൂടുതൽ പഞ്ചായത്തുകൾ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും തനത് വരുമാനം കുറഞ്ഞതോടെ പിൻവലിഞ്ഞു. പത്തനംതിട്ട നഗരസഭയുടെ വിവിധ പ്രദേശങ്ങളെ ബന്ധപ്പെടുത്തി ബസ്സർവിസ് ആരംഭിക്കണമെന്ന് ദീർഘനാളായി ആവശ്യപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.