കോ​ഴ​ഞ്ചേ​രി​യി​ൽ യു.​ഡി.​എ​ഫ് നടത്തിയ ആഹ്ലാദ​ പ്ര​ക​ട​നം

പത്തനംതിട്ട: കഴിഞ്ഞ തവണ ചുവന്ന ജില്ല പഞ്ചായത്ത് ഇത്തവണ യു.ഡി.എഫിനൊപ്പം. ആകെയുള്ള 17 സീറ്റുകളിൽ 12 സീറ്റുകൾ നേടിയാണ് ജില്ല പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചത്. എൽ.ഡി.എഫ് അഞ്ച് സീറ്റിൽ ഒതുങ്ങി. ചിറ്റാർ, കൊടുമൺ, പുതിയതായി രൂപംകൊണ്ട കലഞ്ഞൂർ, ഏനാത്ത്, കുളനട ഡിവിഷനുകൾ മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. ബാക്കി ഡിവിഷനുകളിലെല്ലാം യു.ഡി.എഫ് വിജയക്കൊടി പാറിച്ചു.

പുളിക്കീഴ്- സാം ഈപ്പൻ, കോയിപ്രം നീതു മാമ്മൻ കൊണ്ടൂർ, മല്ലപ്പള്ളി- ഡോ. ബിജു റ്റി. ജോർജ്, ആനിക്കാട്- ജി. സതീഷ് ബാബു, അങ്ങാടി- ആരോൺ ബിജിലി പനവേലിൽ, റാന്നിയിൽ ജൂലി സാബു ഓലിക്കൽ, മലയാലപ്പുഴ- അമ്പിളി ടീച്ചർ, കോന്നി- എസ്. സന്തോഷ് കുമാർ, പ്രമാടം- ദീനാമ്മ റോയി, പള്ളിക്കൽ ശ്രീനാദേവി കുഞ്ഞമ്മ, ഇലന്തൂർ- സ്റ്റെല്ല തോമസ്, കോഴഞ്ചേരി- അനീഷ് വരിക്കണ്ണാമല എന്നിവരാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥികൾ. കുളനട- സവിത അജയകുമാറും ഏനാത്ത്-വൈഷ്ണവി ശൈലേഷ്, കലഞ്ഞൂർ- ബീന പ്രഭ, കൊടുമണ്ണിൽ എ.എൻ. സലിം എന്നിവരാണ് എൽ.ഡി.എഫിനായി വിജയം സ്വന്തമാക്കിയത്.

സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയം ഇടത് കേന്ദ്രങ്ങൾക്ക് തിരിച്ചടിയായി. ആദ്യം പിന്നിലാണെന്ന് ഫലം വന്നെങ്കിലും പിന്നീട് പള്ളിക്കൽ ഡിവിഷനിൽ റീ കൗണ്ടിങ് നടത്തുകയായിരുന്നു. ഇതിൽ ശ്രീനാദേവിയെ റിട്ടേണിങ് ഓഫിസർ വിജയിയായി പ്രഖ്യാപിച്ചത്. 196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സി.പി.ഐ സ്ഥാനാർഥി ശ്രീലത രമേശിനെയാണ് പരാജയപ്പെടുത്തിയത്. സി.പി.ഐ നേതാക്കൾ ഡിവിഷനിൽ തമ്പടിച്ച് പ്രവർത്തിച്ചിട്ടും വിജയിക്കാനായത് ശ്രീനാദേവി കുഞ്ഞമ്മയുടെ വ്യക്തിപരമായ മികവിനുള്ള അംഗീകാരം കൂടിയായി.

കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും പ്രായകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റെന്ന നിലയിൽ ശ്രദ്ധ നേടിയ രേഷ്മ മറിയം റോയി മലയാലപ്പുഴ ഡിവിഷനിൽ പരാജയപ്പെട്ടത് എൽ.ഡി.എഫിന് തിരിച്ചടിയായി. കോന്നി ഡിവിഷനിൽ മത്സരിച്ച എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ബിബിൻ ഏബ്രഹാമിനും വിജയിക്കാനായില്ല.

ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിന്‍റെ തേരോട്ടമാണ് നടന്നത്. ഗ്രാമപഞ്ചായത്തുകളിൽ 34 ഇടത്ത് യു.ഡി.എഫ് മുന്നിലെത്തി. 11പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. നാല് പഞ്ചായത്തുകൾ എൻ.ഡി.എയും നേടി. നാല് പഞ്ചായത്തുകളിൽ ഫലം സമനിലയിലാണ്. കവിയൂർ( എൽ.ഡി.എഫ്-5, എൻ.ഡി.എ-5), നാരങ്ങാനം (യു.ഡി.എഫ്-6, എൻ.ഡി.എ-6), നെടുമ്പ്രം(എൽ.ഡി.എഫ്-6, എൻ.ഡി.എ-6), നിരണം(യു.ഡി.എഫ്-6, എൽ.ഡി.എഫ്-6) എന്നിവയാണ് കക്ഷിനില തുല്യമായ പഞ്ചായത്തുകൾ. ഇവിടങ്ങളിൽ ബി.ജെ.പിയെ അകറ്റി നിർത്താനായി യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം സഹായിച്ചേക്കുമെന്നാണ് സൂചന.

ആനിക്കാട്, ആറന്മുള, അരുവാപ്പുലം, ചെന്നീർക്കര, ഏറത്ത്, ഇലന്തൂർ, ഏനാദിമംഗലം, ഇരവിപേരൂർ, ഏഴംകുളം, ഏഴുമറ്റൂർ, കടപ്ര, കല്ലൂപ്പാറ, കൊടുമൺ, കോയിപ്രം, കോന്നി, കൊറ്റനാട്, കോട്ടാങ്ങൽ, കോഴഞ്ചേരി, മല്ലപ്പള്ളി, മല്ലപ്പുഴശ്ശേരി, മെഴുവേലി, മൈലപ്ര, നാറാണംമുഴി, പെരിങ്ങര, പ്രമാടം, പുറമറ്റം, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, തണ്ണിത്തോട്, തോട്ടപ്പുഴശ്ശേരി, തുമ്പമൺ, വടശ്ശേരിക്കര, വള്ളിക്കോട്, വെച്ചുച്ചിറ ഗ്രാമപഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നിലെത്തിയത്.

സീതത്തോട്, റാന്നി പെരുനാട്, റാന്നി, പള്ളിക്കൽ, മലയാലപ്പുഴ, കുന്നന്താനം, കുളനട, കലഞ്ഞൂർ, കടമ്പനാട്, ചിറ്റാർ, ചെറുകോൽ പഞ്ചായത്തുകളിലാണ് എൽ.ഡി.എഫിന് മുന്നിലെത്തിയത്. അയിരൂർ, കുറ്റൂർ, ഓമല്ലൂർ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലാണ് എൻ.ഡി.എ മുന്നിലെത്തിയത്. എന്നാൽ, കഴിഞ്ഞ തവണ വിജയിച്ച കുളനട, ചെറുകോൽ പഞ്ചായത്തുകൾ ബി.ജെ.പിക്ക് നഷ്ടമായി. കവിയൂരിൽ എൽ.ഡി.എഫിനൊപ്പം എത്താനെ കഴിയുള്ളൂ. ഇവിടെ എൽ.ഡി.എഫിനും എൻ.ഡി.എക്കും അഞ്ച് സീറ്റുകൾ വീതമാണുള്ളത്. 15 വർഷമായി എൻ.ഡി.എ ഭരിച്ചിരുന്നു കുളനട പഞ്ചായത്ത് ഇവർക്ക് നഷ്ടമായി. ഇവിടെ മുതിർന്ന അശോകൻ കുളനട പരാജയപ്പെട്ടതും ബി.ജെ.പിക്ക് തിരിച്ചടിയായി.

Tags:    
News Summary - UDF's comeback; LDF collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.