പത്തനംതിട്ട: പള്ളിയിലും സ്കൂളിലും കവർച്ച നടത്തി പണവും മറ്റും മോഷ്ടിച്ച പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പത്തനംതിട്ട ഓമല്ലൂർ തൈക്കുറ്റി മുക്ക് സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിക്കുള്ളിൽനിന്ന് 6000 രൂപയും പള്ളിവളപ്പിലെ സി.എം.എസ് എൽ.പി സ്കൂൾ ഓഫിസിനുള്ളിൽ കടന്ന് ലാപ്ടോപ്, വെയിങ് മെഷീൻ, സ്പീക്കർ തുടങ്ങിയവയും കവർന്ന കേസിലെ പ്രതി ചൊവ്വല്ലൂർ പ്രേമവിലാസം വീട്ടിൽ റെനിയെയാണ് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തത്.
പള്ളിയുടെ ഹാളിലേക്ക് പ്രവേശിക്കുന്ന ഇടനാഴിയുടെ മുന്നിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ല് വാതിലിന്റെയും അതിന്റെ പിന്നിലെ മുഖ്യ വാതിലിന്റെയും പൂട്ടുകൾ അറുത്തുമാറ്റി, പള്ളിക്കുള്ളിൽ പ്രവേശിച്ച് ഇടനാഴിയിൽ വെച്ചിരുന്ന തടിയിൽ തീർത്ത വഞ്ചിയുടെ പൂട്ട് പൊളിച്ചാണ് 6000 രൂപ കവർന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പള്ളിയുടെ വടക്കുഭാഗത്തുള്ള ഓഫിസ് മുറിയുടെ വാതിലും പൊളിച്ച് അകത്തുകടന്ന് അലമാരയും തടിമേശയും കുത്തിത്തുറന്നു. തുടർന്ന് പള്ളിവളപ്പിലുള്ള സ്കൂളിന്റെ വാതിൽ തകർത്ത് ലാപ്ടോപ്, വെയിങ് മെഷീൻ, സ്പീക്കറുകൾ, കേബിളുകൾ എന്നിവ മോഷ്ടിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇൻസ്പെക്ടർ ജിബു ജോണിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ അനൂപ് ചന്ദ്രൻ, സന്തോഷ് കുമാർ, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ജിതിൻ, റെജി ജോൺ, അനൂപ് എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.