കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആടുമായി ഉടമസ്ഥ ദേവകിയമ്മ. പിന്നില്‍ കടുവ തകര്‍ത്ത കൂടും കാണാം

കിഴക്കന്‍ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

പത്തനാപുരം: കിഴക്കന്‍ വനമേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരി ചെളിക്കുഴിയില്‍ കഴിഞ്ഞദിവസം പുലര്‍ച്ചയാണ് വീട്ടമ്മ കടുവയെ കണ്ടത്. പുലിയും ആനയുമൊക്കെയുള്ള കിഴക്കന്‍ വനമേഖലയില്‍ കടുവകള്‍ അസാധാരണമാണ്. കഴിഞ്ഞദിവസം വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുലര്‍ച്ച രണ്ടരയോടെ ആടുകളുടെ കൂടിന് സമീപത്ത് ബഹളം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധന നടത്തുകയായിരുന്നു. കൂടിന്റെ ഒരു ഭാഗം പൊളിച്ച് ആടിന്‍റെ കഴുത്തിൽ കടിച്ച് നില്‍ക്കുന്ന കടുവയെയാണ് കണ്ടതെന്ന് ഗൃഹനാഥയായ ദേവകിയമ്മ പറയുന്നു. നിലവിളി കേട്ട് അയല്‍വാസികളും ഓടിയെത്തി ഒച്ചവെച്ചതോടെ കടുവ കാട്ടിലേക്ക് ഓടിമറഞ്ഞു.

2020 മേയിലാണ് ഒടുവില്‍ കടുവയെ കണ്ടത്. ചെമ്പനരുവി കടമ്പുപാറ വനമേഖലയില്‍ വനംവകുപ്പ് സ്ഥാപിച്ച കാമറയിലാണ് അന്ന് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്‌. 2015 കുമരംകുടി ഫാമിങ് കോർപറേഷൻ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയും കടുവയെ കണ്ടിട്ടുണ്ട്.

അന്ന് കൂടുകള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞവര്‍ഷം കോന്നി തണ്ണിത്തോട് ജനവാസമേഖലയിൽ കടുവ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കൂടുകള്‍ സ്ഥാപിച്ച് കടുവകളെ പിടികൂടാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്‌.

Tags:    
News Summary - The presence of the tiger again in the eastern region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.