കുന്നന്താനം കിൻഫ്ര പാർക്കിലെ ഇൻറഗ്രേറ്റഡ് പ്ലാസ്റ്റിക് റീസൈക്ലിങ് ഫാക്ടറി നിർമാണ
പ്രവർത്തനങ്ങൾ അധികൃതർ വിലയിരുത്തുന്നു
മല്ലപ്പള്ളി: കുന്നന്താനം കിൻഫ്ര പാർക്കിൽ ജില്ല പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് റീസൈക്ലിങ് ഫാക്ടറി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പ്രവർത്തനക്ഷമമാക്കുമെന്ന് അധികൃതർ. നവംബറിൽ പദ്ധതി കമീഷൻ ചെയ്യാനാണ് തീരുമാനം. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ല പഞ്ചായത്തിന്റെ ‘നിർമല ഗ്രാമം -നിർമല നഗരം -നിർമല ജില്ല’ പദ്ധതിയുടെ ഭാഗമായി ഫാക്ടറി വരുന്നത്. തദ്ദേശസ്ഥാപനങ്ങൾ ഹരിത കർമസേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിച്ച് പുനഃചംക്രമണം ചെയ്ത് പ്ലാസ്റ്റിക് തരികളാക്കി പ്ലാസ്റ്റിക്ക് നിർമാതാക്കൾക്ക് നൽകുന്നതാണ് പദ്ധതി.
ഒരു ദിവസം അഞ്ച് ടൺ പാഴ് വസ്തുക്കൾ സംസ്കരിക്കാനാവശ്യമായ യന്ത്ര സംവിധാനങ്ങൾ ഏർപ്പെടുത്തും. ആറു കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ഇലക്ട്രിക്കലാണ് നിർമാണ കരാർ ഏറ്റെടുത്തത്.
നിർമാണ പുരോഗതി ജില്ല പഞ്ചായത്ത് അധികൃതർ വിലയിരുത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു, ജില്ല പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ, പ്രോജക്ട് ഓഫിസർ ശ്രീജിത്ത് തുടങ്ങിയവരാണ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.