പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നഗരസഭയുടെ അനുമതിയില്ലാതെ നിർമിച്ച കെട്ടിടങ്ങൾ
പന്തളം: കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വയലിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയ സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ പൊലീസ് നടപടിക്ക് പിന്നാലെ ആരോഗ്യവകുപ്പ് കോടതിയെ സമീപിക്കും.
അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് കഴിഞ്ഞ ഏഴിന് രാത്രിയാണ് ശുചി മുറി മാലിന്യം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വയലിലേക്ക് ഒഴുക്കിവിട്ടത്. സംഭവം അറിഞ്ഞ് പരിസരവാസികൾ പൊലീസിനെ അറിയിച്ചെങ്കിലും മാലിന്യം ഒഴിക്കുന്നത് നിർത്തിവെക്കാൻ കെട്ടിട ഉടമ തയ്യാറായിരുന്നില്ല. തുടർന്ന് നഗരസഭ അമ്പതിനായിരം രൂപ പിഴ ഈടാക്കുകയും നാട്ടുകാർ പന്തളം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭയിലെ കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകിയിരുന്നു. നഗരസഭയുടെ അനുമതി ഇല്ലാതെയാണ് ഇവിടെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. പന്തളത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിച്ചുമാറ്റുമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ പന്തളം, തോന്നല്ലൂർ, ഫർഹാന മൻസിലിൽ അൻവർ ഹുസൈൻ എന്നയാൾക്കെതിരെയാണ് ആരോഗ്യവകുപ്പ് കോടതിയെ സമീപിക്കുന്നത്. നിലവിൽ കെട്ടിട നിർമിതിക്കെതിരെ പൊലീസിൽ കേസുണ്ട്. കെട്ടിടത്തിൽ നൂറിലേറെ അതിഥി തൊഴിലാളികളെ താമസിപ്പിക്കുകയും, ടൺ കണക്കിന് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കി വിടുകയും ചെയ്ത കെട്ടിട ഉടമക്കെതിരെ ഉചിതമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിരവധി രോഗികളെത്തുന്ന പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദുർഗന്ധം മൂലം ഡോക്ടർമാർക്ക് പോലും ജോലി ചെയ്യാൻ കഴിയുന്നില്ല. നൂറുകണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന പരിസരപ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളം ഉപയോഗശൂന്യമായ നിലയിലാണ്. സംഭവം നടന്ന രാത്രി തന്നെ നാട്ടുകാർ പൊലീസിനെ അറിയിച്ചെങ്കിലും കെട്ടിട ഉടമ സംഭവ സ്ഥലത്തുനിന്ന് പോയ ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. നഗരസഭയുടെ അനുമതിയില്ലാത്ത കെട്ടിടത്തിൽ ഇപ്പോൾ ബംഗാൾ ഹോട്ടലാണ് പ്രവർത്തിക്കുന്നത്. മാലിന്യങ്ങൾക്ക് നടുവിലാണ് ഹോട്ടലിന്റെ പ്രവർത്തനവും. നഗരസഭ ആരോഗ്യവിഭാഗം പരിശോധനക്ക് എത്തിയപ്പോൾ കടമുറി അടച്ചിട്ട നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.