അച്ചൻകോവിലാറ്റിൽ വെള്ളം തേടിയിറങ്ങിയ വളർത്തുമൃഗങ്ങൾ
കോന്നി: കോന്നിയിലെ മലയോര മേഖലയിൽ വരൾച്ച രൂക്ഷമാകുമ്പോൾ മനുഷ്യർക്ക് മാത്രമല്ല ജീവജാലങ്ങൾക്കും കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട് തുടങ്ങിയ കോന്നിയുടെ മലയോര മേഖലയിലെ ജലാശയങ്ങൾ പകുതിയിലേറെയും വറ്റിവരണ്ടുതുടങ്ങി. കന്നുകാലികളും വന്യ ജീവികളും അടക്കം കുടിവെള്ളം തേടി അലയുന്ന കാഴ്ചയാണ് പലയിടത്തും കാണാൻ കഴിയുന്നത്. കോന്നിയിലെ ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന ശുദ്ധജല പദ്ധതികൾ പോലും നദികളിൽ ജലനിരപ്പ് താഴ്ന്നതിനാൽ പമ്പ് ഹൗസുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
പലയിടത്തും പമ്പ് ഹൗസുകളിലെ ചെളി നീക്കം ചെയ്തെങ്കിലും വെള്ളം പമ്പ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. പലയിടത്തും കുടിവെള്ള പൈപ്പ് ലൈനുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. തേക്കുതോട് പൂച്ചക്കുളം, ശ്രീലങ്കമുരുപ്പ്, കൊക്കാത്തോട്ടിലെ ഉയർന്ന പ്രദേശങ്ങൾ ഉൾപ്പടെ കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമായിത്തുടങ്ങി. വരും ദിവസങ്ങളിൽ വേനൽ ശക്തമാകുമ്പോൾ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നും അടിയന്തര ഇടപെടൽ വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
കുടിവെള്ളം ലഭിക്കാത്തതിനാൽ വലിയ വില കൊടുത്ത് വെള്ളം വാങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളത്. മുമ്പ് തദ്ദേശ സ്വയം ഭരണ വകുപ്പുകൾ കുടിവെള്ളം വിതരണം ചെയ്യാറുണ്ടായിരുന്നുവെങ്കിലും ഇതെല്ലാം നിലച്ച മട്ടാണ്. വാഴയടക്കമുള്ള കാർഷിക വിളകൾ വെള്ളം ഇല്ലാതെ കരിഞ്ഞുണങ്ങി. പലയിടത്തും കൃഷിയിടങ്ങളിൽ വെള്ളം കിട്ടാത്ത അവസ്ഥയാണ്. ലക്ഷങ്ങൾ വായ്പ എടുത്ത് ചെയ്ത കൃഷി നശിക്കുകയാണെന്നും കർഷകർ പറയുന്നു.
വേനൽ കത്തുന്നു; കുടിവെള്ളം കിട്ടാക്കനി
വന പാതകളിൽ കാട്ടാനയുടെയും കാട്ടുപോത്തിന്റെയും അടക്കം സാന്നിധ്യം വർധിച്ചിട്ടുണ്ട്. കാട് കരിഞ്ഞുണങ്ങിയതോടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തിത്തുടങ്ങി. പലയിടത്തും കാട്ടാന ഉൾപ്പെടെയുള്ളവ ഇറങ്ങി വൻ കൃഷി നാശവും വരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എലിമുള്ളുംപ്ലാക്കലിൽ രണ്ട് ദിവസം തുടർച്ചയായി ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലും എത്തിയിരുന്നു.
തണ്ണിത്തോട്, കല്ലേലി - കൊക്കാത്തോട് റോഡുകളിൽ യാത്ര ചെയ്യുമ്പോൾ മുമ്പ് രാത്രി മാത്രം വന്യജീവികളെ ഭയന്നാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ പകൽ പോലും ആനകൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങുന്ന അവസ്ഥയാണ്. വനത്തിനുള്ളിൽ ആനകൾക്കും മറ്റ് വന്യ ജീവികൾക്കും കുടിക്കാൻ തടയണകൾ നിർമിക്കുന്നുണ്ടെന്ന് വനം വകുപ്പ് പറയുമ്പോഴും ഇത് കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.