ചന്ദനപ്പള്ളി സെൻറ് ജോർജ് തീർഥാടന കത്തോലിക്കാ
ദേവാലയത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന ചെമ്പെടുപ്പ്
കൊടുമൺ: ഭക്തി നിർഭരമായി ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്കാ പള്ളിയിലെ ചെമ്പെടുപ്പ് റാസ. പെരുന്നാളിന് സമാപനം കുറിച്ച് വ്യാഴാഴ്ച വൈകീട്ട് നടന്ന ചെമ്പെടുപ്പ് റാസയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സ്ത്രീകളുടെ നേതൃത്വത്തിലും ചെമ്പെടുപ്പും നടന്നു. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വ്യാഴാഴ്ച രാവിലെ മുതൽ പള്ളിയിലേക്കു തീർഥാടക പ്രവാഹമായിരുന്നു. രാവിലെ ചന്ദനപ്പള്ളി ജംഗ്ഷനിൽ ഡോ. സാമൂവൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്ത, യൂഹാനോൻ മാർ ക്രിസോസ്റ്റം, പന്തളം രാജ പ്രതിനിധി പുണർതം നാൾ നാരായണ വർമ എന്നിവർക്ക് സ്വീകരണം നൽകി.
തുടർന്ന് കുരിശടിയിൽ ചെമ്പിൽ അരിയിടീൽ കർമ്മം നടന്നു. ചെമ്പിൽ അരിയിടാൻ വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം വിശ്വാസികളാണ് എത്തിച്ചേർന്നത്. തുടർന്ന് ആഘോഷമായ കുർബാന നടന്നു. തുടർന്ന് നടന്ന ജോർജിയൻ തിരുന്നാൾ സമ്മേളനത്തിൽ ഡോ. സാമുവൽ മാർ ഐറേനിയോസ് അധ്യക്ഷത വഹിച്ചു. ചന്ദനപ്പുരിയുടെ മലങ്കര രത്‌നം, ചന്ദനപറവ എന്നീ അവാർഡുകളും വിതരണം ചെയ്തു. ആർച്ച് ബിഷപ്പ് മാർ ജോർജ് പനംതുണ്ടിൽ, ജോസ് ചന്ദനപ്പള്ളി എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ഭവന വിദ്യാഭ്യാസ ചികിത്സ സഹായങ്ങളും വിതരണം ചെയ്തു.
തുടർന്ന് വൈദീകരുടെ കാർമികത്വത്തിൽ തലയിൽ കൈ വെയ്പ് പ്രാർഥനയും നിയോഗ സമർപ്പണവും ഉണ്ടായിരുന്നു. ഉദ്ദിഷ്‌ട കാര്യ ലബ്‌ധിക്കായുള്ള കുട പ്രദക്ഷിണത്തിൽ ധാരാളം വിശ്വാസികൾ പങ്കെടുത്തു. ജങ്ഷനിലെ വെച്ചൂട്ട് പുരയിൽ നേർച്ച സദ്യയും നടന്നു.
ഉച്ചക്ക് ശേഷം പ്രസിദ്ധമായ ചെമ്പെടുപ്പ് റാസ പള്ളിയിൽ നിന്നു ആരംഭിച്ചു. റാസയ്ക്ക് വാദ്യമേളങ്ങളും മുത്തുക്കുടകളും മാറ്റുകൂട്ടി. കോൺവെൻറ് ജങ്ഷനിലെ സെൻറ് ജോർജ് ഷ്രൈനിൽ റാസ എത്തിയപ്പോൾ ചെമ്പിൻ മൂട്ടിൽ പ്രത്യേകം തയാറാക്കിയ നേർച്ച ചെമ്പിലെ പാതി വേവിച്ച ചോറിൽ മുഖ്യ കാർമ്മികൻ സ്ലീബാ മുദ്ര ചാർത്തി ആശീർവദിച്ചു. തുടർന്ന് വിശ്വാസികൾ ചേർന്ന് ചെമ്പെടുത്തു. ഭക്തി ആദരവുകളോടെ ചെമ്പ് ഉയർത്തി ഹോയ് ...ഹോയ് വിളികളോടെ ആയിരങ്ങളുടെ അകമ്പടിയോടെ ചെമ്പ് ദേവാലയത്തിൽ എത്തിച്ചു.
പാതയോരത്ത് കാത്തു നിന്നവർ പുഷ്പങ്ങളും വെറ്റിലയും വിതറി റാസയെ സ്വീകരിച്ചു. തുടർന്ന് ജങ്ഷനിലെ കുരിശടിയിൽ തയ്യാറാക്കിയ രണ്ടാമത്തെ ചെമ്പ് സ്ത്രീകളുടെ നേതൃത്വത്തിൽ ദേവാലയത്തിൽ എത്തിച്ചു. രണ്ടു ചെമ്പുകളും ദേവാലയ പ്രദക്ഷിണം നടത്തിയ ശേഷം നേർച്ച വിതരണവും നടന്നു.
വെള്ളിയാഴ്ച രാവിലെ ഏഴിന് കുർബാന, ശനിയാഴ്ച വൈകിട്ട് അഞ്ചിന് മഠം ചാപ്പലിൽ കുർബാന, ഞായറാഴ്ച കൊടിയിറക്കും. രാവിലെ ഏഴിന് കുർബാന, 8.30 ന് സെൻറ് ജോർജ് ഷ്രൈനിലേക്ക് റാസ, തുടർന്ന് കൊടിയിറക്ക് ആശീർവാദം, നേർച്ചവിളമ്പ്. ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാൽ, ട്രസ്റ്റി ആൻറണി ചന്ദനപ്പള്ളി, സെക്രട്ടറി ബാബു കെ. പെരുമല, കൺവീനർ ബിനോ ബാബു പെരുമല, ഷിബു കെ. ജോയി കുറ്റിയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.