പട്ടംകുളം എൽ.പി സ്കൂളിന് സമീപം കുന്ന് ഇടിച്ചുനിരത്തുന്നു
പത്തനംതിട്ട: നഗരസഭ ഒന്നാം വാർഡിൽ പട്ടംകുളം എൽ.പി സ്കൂളിന് സമീപം പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ച് വൻകുന്ന് ഇടിച്ചുനിരത്തുന്നത് തുടർന്നിട്ടും തിരിഞ്ഞുനോക്കാതെ നഗരസഭയും രാഷ്ട്രീയ- യുവജന സംഘടനകളും. മണ്ണ് മാഫിയയെ ഭയന്ന് വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടും പരിസ്ഥിതി സംഘടനകളും വിഷയത്തിൽ നിന്ന് വഴുതി മാറുകയാണ്. ഇവിടെ എട്ട് ഏക്കറോളം വരുന്ന സ്വകാര്യ ഭൂമിയിൽനിന്നാണ് ഒരുമാസമായി ദിനം നൂറുകണക്കിന് ലോഡ് മണ്ണ് കടത്തുന്നത്.
ദേശീയപാത നിർമാണത്തിനെന്ന വ്യാജേന രേഖകൾ സംഘടിപ്പിച്ചാണ് സർക്കാറിൽ നിന്ന് അനുമതി തരപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട വില്ലേജിൽ സർവേ നമ്പറുകൾ 58/1-25, 58/1-9 ഉൾപ്പെട്ട, മേലേവെട്ടിപ്രം-പൂക്കോട് റോഡരികിലെ വൻ കുന്നാണ് വിശ്വസമുദ്ര ഓച്ചിറ എക്സ്പ്രസ് ഹൈവേ ലിമിറ്റഡിനു വേണ്ടി രാജശേഖരൻ.ആർ എന്നയാൾക്ക് പത്തനംതിട്ട മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്ന് അനുമതി നൽകിയത്. ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരത്തിന്റെ കാലാവസ്ഥയെ ബാധിക്കുന്ന വിഷയത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണ് ജിയോളജി വകുപ്പ് അനുമതി പത്രം നൽകിയത്.
വിഷയത്തിൽ ഇടപെടുന്നതിൽ ഇടതുപക്ഷം ഭരിക്കുന്ന പത്തനംതിട്ട നഗരസഭ ഭരണസമിതിയും അലംഭാവം കാട്ടുകയാണ്. കുന്നിടിക്കുന്നത് തടയണമെന്ന് കൗൺസിലിൽ ചെയർമാൻ അഡ്വ.ടി. സക്കീർഹുസൈനോട് ഒന്നാംവാർഡ് കൗൺസിലർ ശോഭ. കെ. മാത്യുവും മൂന്നാം വാർഡ് കൗൺസിലർ മായ അനിൽകുമാറും ആവശ്യപ്പെട്ടിരുന്നു.
നഗരസഭ എൻജിനീയറെ സ്ഥലത്ത് പരിശോധനക്ക് അയച്ചതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണപക്ഷ കൗൺസിലർമാർ വിഷയം ഉന്നയിച്ചിട്ട് പോലും പ്രതിപക്ഷ അംഗങ്ങൾ കണ്ടില്ലെന്ന സമീപനം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. മണ്ണ് മാറ്റലിനെ തുടർന്ന് പ്രദേശത്ത് പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമാണ്. സമീപത്തെ സ്കൂളും, പൊതു സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ അപകടാവസ്ഥയിലാണിപ്പോൾ. സമീപത്തെ പട്ടംകുളം എൽ.പി സ്കൂളിന് ഭീഷണിയായ കുന്നിടിക്കൽ തടയാനും നഗരസഭ അധികൃതർ തയാറായിട്ടില്ല.
മണ്ണെടുപ്പ് മൂലം ദുരിതത്തിലായ നാട്ടുകാരെ ഗുണ്ടാസംഘങ്ങളെ രംഗത്തിറക്കി മണ്ണ് മാഫിയ വിരട്ടി നിർത്തിയിരിക്കുകയാണ്. സ്ഥലത്തെ മണ്ണ് മാറ്റിയാൽ സ്വഭാവിക നീരൊഴുക്ക് തടസ്സപ്പെടുകയും സമീപ പ്രദേശത്തെ കൃഷി നശിക്കുകയും ചെയ്യും.
മഴക്കാലത്ത് ജലസംഭരണി കൂടിയായ വലിയ മല ഇടിച്ചു നിരത്തുന്നത് പ്രദേശത്ത് കുടിവെള്ളക്ഷാമത്തിനും വൻ മഴയിൽ മലവെള്ളപ്പാച്ചിലിനും ഇടയാക്കുമെന്ന് സി.പി.എം അംഗം കൂടിയായ മൂന്നാം വാർഡ് കൗൺസിലർ മായ അനിൽകുമാർ പറയുന്നു. കുന്നിടിക്കൽ തടയണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും പരാതി അയച്ചിട്ടും സ്ഥലത്തെ കൗൺസിലർ ശോഭ. കെ. മാത്യു പരാതികൾ നൽകാകാത്തത് ദുരൂഹമായി തുടരുന്നു.
ഹൈവേ നിർമാണ മറവിൽ കൊല്ലം- ആലപ്പുഴ ജില്ലകളിലേക്ക് മണ്ണ് വേണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കരാർ കമ്പനിയും മണ്ണ് മാഫിയ സംഘവും അനുമതി തരപ്പെടുത്തുന്നത്. ദേശീയ പാതകൾക്ക് സമീപത്തെ വയലും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്താനാണ് കടത്തിക്കൊണ്ടുപോകുന്ന മണ്ണ് ഉപയോഗിക്കുന്നത്.
‘‘നാട്ടുകാർ പറഞ്ഞാണ് പട്ടംകുളം എൽ.പി സ്കൂളിന് സമീപത്തെ കുന്നിടിക്കുന്നത് അറിയുന്നത്. വിഷയം നഗരസഭ കൗൺസിലിൽ അറിയിച്ചിരുന്നു. പരിശോധിക്കാമെന്ന് ചെയർമാൻ വ്യക്തമാക്കി. മുമ്പൊക്കെ വാർഡുകളിലെ മണ്ണെടുപ്പ് കൗൺസിലുകളിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടായിരുന്നു. പട്ടംകുളം എൽ.പി സ്കൂളിന് സമീപത്തെ മണ്ണെടുപ്പ് കൗൺസിലിൽ അറിയിച്ചിട്ടില്ല.
സർക്കാറും ജിയോളജി വകുപ്പും മണ്ണെടുപ്പിന് അനുമതി നൽകിയിട്ടുണ്ടെന്ന് പറയുന്നു. ഇത് സംബന്ധിച്ച് അവർക്ക് രേഖകളുണ്ടെന്ന് പറയുന്നു. വ്യക്തിപരമായി പരിശോധിച്ചിട്ടില്ല. നാട്ടുകാരിൽ ചിലർ ഫോൺ ചെയ്ത് അറിയിച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസിൽ പറഞ്ഞിരുന്നു. ഔദ്യോഗികമായി പരാതികൾ നൽകിയിട്ടില്ല’’.
ശോഭ കെ. മാത്യു, ഒന്നാംവാർഡ് കൗൺസിലർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.