എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ വിദ്യാവനം
കോന്നി: എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ വിദ്യാവനം ശ്രദ്ധേയമാകുന്നു. 2.40 ലക്ഷം രൂപ ചെലവിലാണ് സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട ഡിവിഷന് കീഴിൽ പദ്ധതി നടപ്പാക്കിയത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സ്വാഭാവിക വനങ്ങൾ ആവശ്യമാണ്. എന്നാൽ, സ്വാഭാവിക വനങ്ങളിൽ 30 വർഷംകൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ വിദ്യാവനത്തിൽ സൃഷ്ടിക്കാനാകും.
ഒരു മീറ്റർ സ്ക്വയർ ഭൂമിയിൽ അഞ്ച് മരം എന്ന കണക്കിൽ ഇടതൂർന്ന രീതിയിലാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു വൻമരം, രണ്ട് ചെറുമരം, രണ്ട് കുറ്റിച്ചെടി എന്നിവ ഉൾപ്പെടുന്നുണ്ട്. ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റിയതിന് ശേഷം മേൽമണ്ണുമായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരിച്ചോറ്, പിണ്ണാക്ക് ഇവ കൂട്ടിച്ചേർത്താണ് വൃക്ഷത്തൈകൾ നട്ടത്.
ഈ മരങ്ങൾ മൂന്ന് വർഷങ്ങൾക്ക് ശേഷം ചെറുവനമായി മാറും. വിദ്യാവനത്തിലെ അഞ്ച് സെന്‍റിൽ നാഗലിംഗ മരം, മാവ്, എടന, താന്നി, മലവിരിഞ്ഞി തുടങ്ങി 155 ഇനത്തിൽപെട്ട 430 തൈകളാണ് നട്ടിരിക്കുന്നത്. പക്ഷികളെയും ഷഡ്പദങ്ങളെയും ആകർഷിക്കാനും അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറക്കാനും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കാനും പ്രയോജനകരമാണ് വിദ്യാവനം. മരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂ.ആർ കോഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്താൽ മരത്തിന്റെ സമ്പൂർണ വിവരങ്ങൾ ലഭിക്കും. പ്രോജക്ടുകൾ തയാറാക്കാനും ശാസ്ത്രീയ പഠനത്തിനും ഏറെ ഗുണകരമാണ് ഈ സംവിധാനം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.