പത്തനംതിട്ട: അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായ ‘അവകാശം അതിവേഗം പദ്ധതി’ പൂര്‍ത്തീകരണം സംസ്ഥാനതല പ്രഖ്യാപനം ഈമാസം 24ന് മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ ചേര്‍ന്ന സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത പ്രധാന പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനം. അതിന്റെ ഭാഗമായി ജില്ലയില്‍ സര്‍വേ സംഘടിപ്പിച്ച് അതിദരിദ്രരെ കണ്ടെത്തി ആനുകൂല്യങ്ങളും അടിസ്ഥാന രേഖകളും ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. കണ്ടെത്തിയ എല്ലാവര്ക്കും രേഖകൾ ലഭ്യമാകുക എന്ന ലക്ഷ്യം സാക്ഷാത്കരിച്ചാണ് പദ്ധതി പൂര്‍ത്തീകരണ സംസ്ഥാനതല പ്രഖ്യാപനം നടക്കുന്നതെന്ന് സർക്കാർ അവകാശപ്പെടുന്നു. ജില്ലയില്‍ അതിദരിദ്രരുടെ എണ്ണം താരതമ്യേന കുറവാണ്.
അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ജില്ലതലത്തിൽ പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ കലക്ടറുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സംസാരിക്കണമെന്നും മന്ത്രി പറഞ്ഞു. അവകാശം അതിവേഗം പദ്ധതി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ മികച്ചരീതിയിൽ പൂർത്തിയാക്കിയെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അതിന് സർവേ പൂർത്തിയാക്കി മൈക്രോലെവൽ പ്ലാനിങ് രൂപവത്കരിച്ചു.
2339 കുടുംബമാണ് ജില്ലയിൽനിന്ന് പട്ടികയിലുള്ളത്. വോട്ടർ ഐ.ഡി, ഭിന്നശേഷിക്കാര്‍ക്കുള്ള തിരിച്ചറിയൽ കാര്‍ഡ്, കുടുംബശ്രീ അംഗത്വം, തൊഴിലുറപ്പ് അംഗത്വം, റേഷന്‍കാര്‍ഡ്, പെന്ഷൻ, ആരോഗ്യ ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട് എന്നീ രേഖകളാണ് പദ്ധതിയിലൂടെ ഇവർക്ക് വിതരണം ചെയ്യുന്നതെന്നും കലക്ടർ പറഞ്ഞു.
മുഖ്യരക്ഷാധികാരിയായി മന്ത്രി വീണ ജോർജിനെയും രക്ഷാധികാരികളായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ്കുമാർ, പ്രമോദ് നാരായൺ എന്നിവരെയും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനെ ചെയർമാനായും പത്തനംതിട്ട നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈനെ കോചെയർമാനായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.