കനത്ത മഴയിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നപ്പോൾ; റാന്നി വലിയപാലത്തിൽനിന്നുള്ള ദൃശ്യം
പമ്പയിൽ ജലനിരപ്പ് ഉയർന്നു; കോസ്വേകളിൽ വെള്ളം കയറി
റാന്നി: കിഴക്കൻ മേഖലയിൽ രണ്ടു ദിവസമായി പെയ്യുന്ന മഴ കനത്തതോടെ പമ്പാനദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. റാന്നിയിൽ നദീതീരത്തുള്ളവർ ആശങ്കയിലായി. നദിയിൽ നിർമിച്ച അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, മുക്കം കോസ്വേകൾ മൂടി വെള്ളമൊഴുകുന്നതിനാൽ മറുകരയിലേക്ക് കടക്കാനാകാതെ ആളുകൾ വലയുകയാണ്. അറയാഞ്ഞിലിമൺ കോസ്വേ രണ്ടു ദിവസമായി വെള്ളത്തിനടിയിലായതുമൂലം മറുകരയിലെ നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കുരുമ്പൻ മൂഴിയിലെയും സ്ഥിതി ഇതുതന്നെയാണ്. ആദിവാസികളടക്കം നിരവധി കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട നിലയിലാണ്.
ചളി നീക്കം ഫലപ്രദമായില്ല
മുൻ വർഷത്തെ വെള്ളപ്പൊക്ക കെടുതിയെത്തുടർന്ന് കനത്ത തോതിൽ മണ്ണും ചളിയും അടിഞ്ഞ പെരുന്തേനരുവി വൈദ്യുതി പദ്ധതിയുടെ തടയണയുടെ ആഴം കുറഞ്ഞതിനാല്‍ കനത്ത മഴയിൽ പെട്ടെന്നു നിറയുന്നതിനാൽ തൊട്ടുമുകളിലുള്ള കുരുമ്പൻമൂഴി കോസ് വേയിൽ വെള്ളം കയറുന്നത് വേഗമാണ്. പലതവണകളിലായി തടയണയിലെ ചളി നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായിട്ടില്ലയെന്ന് നിലവിലെ സ്ഥിതി കണ്ടാല്‍ മനസ്സിലാകും.
തടയണ നിറഞ്ഞതോടെ വൈദ്യുതി വകുപ്പ് ഷട്ടറുകൾ തുറന്ന് വെള്ളം താഴേക്ക് ഒഴുക്കിക്കളയുന്നുണ്ടെങ്കിലും കോസ് വേയിൽനിന്ന് വെള്ളമിറങ്ങാൻ സമയമെടുക്കും.
വൈദ്യുതി പദ്ധതിക്കായി തടയണ നിർമിച്ച ശേഷം വേനലിൽ തീർത്തും വറ്റിപ്പോകുന്ന പെരുന്തേനരുവി ഇപ്പോൾ സംഹാര ഭാവം പൂണ്ടു ഒഴുകുന്ന കാഴ്ച ആരെയും ആകർഷിക്കും,
കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം കിട്ടിയില്ല
മുമ്പ് ഈ പ്രദേശത്തു രണ്ടു തോടുകളിലായി മൂന്നുതവണ ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു. മലവെള്ളപ്പാച്ചിലിൽ രണ്ടു വീടുകൾ പൂർണമായും വാസയോഗ്യമല്ലാതാകുകയും നിരവധി കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തിരുന്നു.
വീട് നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നല്കുവാന് അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉരുൾ പൊട്ടലിൽ പൂർണമായും വാസയോഗ്യമല്ലാതായ വീടുകൾക്ക് തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് ലഭ്യമാക്കിയത്.
കൂടാതെ കൃഷിഭൂമിയും കൃഷിയും നശിച്ചവർക്ക് യാതൊരു നഷ്ടപരിഹാരവും കിട്ടിയിട്ടുമില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
കുരുമ്പൻമൂഴി നിവാസികൾ ഭീതിയിൽ
പെരുന്തേനരുവി തടയണയിൽനിന്ന് തോടുവഴി വെള്ളം കുരുമ്പൻമൂഴിയിലെ ജനവാസ മേഖലയിലേക്ക് കയറുമെന്നതിനാൽ ഇവിടുത്തെ താമസക്കാർ ഭീതിയിലാണ്. മുൻ വർഷം തീരമേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായിരുന്നു. ഇത്തവണയും മഴ കനക്കുകയും നദി ജലം ഉയർന്നുവരുകയും ചെയ്ത സാഹചര്യത്തില്‍ വീടുകളിൽനിന്ന് നാട്ടുകാർ ചേർന്ന് സാധന സാമഗ്രികൾ നീക്കുകയും കുടുബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.മുക്കം കോസ് വേയും സമാന അവസ്ഥയിലാണ്.എന്നാല്‍ ഇവിടെ ഇരു കരകളിലും എത്തി ചേരാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉള്ളതിനാല്‍ പ്രശ്നം രൂക്ഷമല്ല.
ചെറുതോടുകൾ കരകവിഞ്ഞു
കഴിഞ്ഞ ശനിയാഴ്ച ഉച്ചമുതൽ പെയ്ത ശക്തമായ മഴയിൽ പ്രദേശത്തെ ചെറുതോടുകൾ കരകവിഞ്ഞു ഒഴുകിയത് ആളുകളിൽ ഭീതി ഉണർത്തിയിരുന്നു.
കാടുകളിൽനിന്നും ഉത്ഭവിക്കുന്ന തോടുകളിലും ഉരുൾ പൊട്ടൽ ഉണ്ടായതുപോലെ മഴവെള്ളം വേഗത്തിൽ എത്തിയതോടെയാണ് ആളുകൾ പരിഭ്രാന്തരായത്. എന്നാൽ, മഴയുടെ ശക്തി കുറഞ്ഞതോടെ ജലനിരപ്പിൽ കാര്യമായ മാറ്റം ഉണ്ടായി.
ശക്തമായ മഴ പെയ്തതും തോടുകൾ കരകവിഞ്ഞതോടെയും പമ്പയിൽ ജലനിരപ്പ് ഉയർന്നിരുന്നു.
വെള്ളം കയറി ഗതാഗത തടസ്സം
റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഉപാസന കടവില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വെള്ളം കയറിയിരുന്നു. റാന്നി-കോഴഞ്ചേരി റോഡിലെ പുതമൺ താൽക്കാലിക പാലത്തിൽ വെള്ളം കയറി ഗതാഗതം മുടങ്ങിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി മുടക്കവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.