പത്തനംതിട്ട: സെൻട്രൽ ജങ്ഷനിൽ പൊതുയോഗവും ധർണയും നടത്താൻ അനുവദിക്കരുതെന്ന് നഗരസഭ, ജില്ല പൊലീസ് ചീഫ്, പത്തനംതിട്ട സി.ഐ എന്നിവർക്ക് ഹൈകോടതി നിർദേശം നൽകി. പൊതുയോഗവും ധർണയും മൂലം വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നഗരത്തിലെ അഞ്ച് വ്യാപാരികൾ നൽകിയ ഹരജിയെ തുടർന്നാണ് ഹൈകോടതിയുടെ ഇടപെടൽ.
നഗരസഭ, പൊലീസ് ചീഫ്, സി.പി.എം, ബി.ജെ.പി, സി.പി.ഐ, മുസ്ലിംലീഗ്, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യുസി എന്നിവയെ ഹരജിയിൽ എതിർകക്ഷികളാക്കിയിരുന്നു. സെൻട്രൽ ജങ്ഷനിൽ കടകൾക്ക് മുന്നിൽ കസേരകൾ നിരത്തിയാണ് രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും പൊതുയോഗവും ധർണയും നടത്തുന്നത്. ഇതുമൂലം കടകളിലേക്ക് ആളുകൾ കയറാനും ഇറങ്ങാനും തടസ്സമാണ്. ജീവനക്കാർക്ക് പുറത്തേക്ക് പോകാനും പറ്റുന്നില്ല. ഇക്കാര്യം സംഘടനകളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും മാറ്റമില്ല.
കൂടുതൽ കച്ചവടം നടക്കുന്ന രാവിലെയും വൈകീട്ടുമാണ് പരിപാടികൾ നടത്തുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഹൈക്കോടതി നിർദേശം പാലിച്ച് സെൻട്രൽ ജങ്ഷനിലെ പൊതുപരിപാടികൾ സംഘടനകൾ ഒഴിവാക്കണമെന്ന് ഹരജിക്കാരായ ആർ. അയ്യപ്പൻ, ജസ്റ്റിൻ, ഉല്ലാസ്, മുരുകൻ, പി.സി. എബി എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.