ശബരിമലയിൽ തമിഴ്നാട്ടിൽ നിന്നെത്തി കൂട്ടംതെറ്റിയ എട്ടു വയസ്സുകാരൻ ഗോവിന്ദിനെ പൊലീസ് കണ്ടെത്തി കൈമാറുന്നു

മെഗാഫോൺ കൈയ്യിൽ കിട്ടി; കൂട്ടം തെറ്റിയ കുട്ടിയെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

പമ്പ: ശബരിമല ദർശനത്തിനായി കുടുംബാംഗങ്ങളോടൊപ്പം തമിഴ്നാട്ടിൽ നിന്നെത്തിയ എട്ടുവയസ്സുകാരൻ ഗോവിന്ദ് കൂട്ടംതെറ്റി ഒറ്റപ്പെട്ടു എന്ന വിവരം അറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ രക്ഷിതാക്കളെ കണ്ടെത്തി ഏൽപ്പിച്ച പമ്പ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കണ്ടുനിന്നവരുടെയും സ്വാമിമാരുടെയും കൈയ്യടി നേടി. പെട്ടെന്ന് തന്നെ കുട്ടിയെ കണ്ടെത്താൻ സഹായിച്ചതാകട്ടെ ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്‍റെ നടപടിയും.

ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളും മറ്റും വിലയിരുത്തുന്നതിനായി പതിവ് സന്ദർശനത്തിന് എത്തിയതായിരുന്നു ജില്ല പൊലീസ് മേധാവി. ഉന്നത ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി മലകയറുന്നതിനിടെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മെഗാഫോൺ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പരമാവധി പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്യിൽ മെഗാഫോൺ എത്തിക്കാൻ പമ്പ പൊലീസ് ഇൻസ്പെക്ടർ വിജയ് ശങ്കറിനോട് നിർദേശിച്ചു. നിർദേശം ഉടനടി നടപ്പാക്കാൻ സബ് ഇൻസ്പെക്ടർ അലോഷ്യസ് മുൻകൈയെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ മെഗാ ഫോണിലൂടെ ഭക്തജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി തുടങ്ങി.

തുടർന്നാണ് എട്ടു വയസ്സു മാത്രം പ്രായമുള്ള ഗോവിന്ദ് എന്ന് പേരായ മണികണ്ഠ സ്വാമി നീലിമല ഭാഗത്ത് കരഞ്ഞുകൊണ്ട് നിൽക്കുന്നതായി പമ്പ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജസ്റ്റിൻ രാജ് കണ്ടെത്തുന്നത്. ഒട്ടും താമസിയാതെ കുട്ടിയെ കൈകളിൽ വാരിയെടുത്തു. മെഗാ ഫോണിലൂടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് നീലിമല ടോപ്പിൽ നിന്നു വേഗത്തിൽ ഇറങ്ങി. സീനിയർ സിവിൽ പൊലീസ് ഓഫീസർ അമൽ സഹായത്തിനായി ഒപ്പം കൂടി.

ഇരുവരും ചേർന്ന് മെഗാഫോൺ വഴിയുള്ള അനൗൺസ്മെന്റിന്റെ സഹായത്തോടെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ കുട്ടിയുടെ പിതാവ് അജിത്തിനെ കണ്ടെത്തി. കുട്ടിയെ കാണാത്ത വിഷമത്തിൽ വളരെ വേഗം പമ്പ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു അവർ. കുട്ടിയെ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറിയ കേരള പൊലീസിന് സ്വാമിമാരുടെ വക കരഘോഷവും ജയ് വിളിയും. വെള്ളിയാഴ്ച വൈകിട്ടോടെ നീലിമല ഇറക്കത്ത് കൂട്ടംതെറ്റിയ തമിഴ്നാട് സ്വദേശിനി സുശീല (65) യെയും പൊലീസ് ഉദ്യോഗസ്ഥനായ ജസ്റ്റിന്റെ ഇടപെടലിൽ ബന്ധുക്കളെ ഏൽപ്പിച്ചിരുന്നു.

Tags:    
News Summary - Police found the boy who had strayed from the group within minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.