വടശ്ശേരിക്കര: അപ്രോച് റോഡ് വികസിപ്പിക്കാത്തതിനാൽ പേങ്ങാട്ടുകടവ് പാലം പ്രയോജനരഹിതം. തിരുവാഭരണ പാതയിലെ പേങ്ങാട്ടുകടവിൽ വർഷങ്ങൾക്കു മുമ്പ് പണിത പാലത്തിൽക്കൂടി ഗതാഗതം സാധ്യമാകുംവിധം അപ്രോച് റോഡ് വികസിപ്പിക്കാത്തതാണ് പാലം ഉപയോഗപ്രദമാകാതിരിക്കുന്നതിന് കാരണം.
തിരുവാഭരണയാത്ര കടന്നുപോകുന്ന പാതയിൽ കല്ലാറിന് കുറുകെ വടശ്ശേരിക്കര പേങ്ങാട്ടുകടവിലാണ് പാലം നിർമിച്ചിരിക്കുന്നത്. തിരുവാഭരണം കടന്നുപോകുമ്പോൾ താൽക്കാലിക പാലം നിർമിച്ചിരുന്ന സ്ഥലത്താണ് വടശ്ശേരിക്കര ടൗണിലെ ഗതാഗതപ്രശ്നങ്ങൾ കൂടി പരിഹരിക്കാനാകും വിധം പാലം നിർമിച്ചിരിക്കുന്നത്.
എന്നാൽ, പാലം പണിത് വർഷങ്ങൾ കഴിഞ്ഞിട്ടും പേങ്ങാട്ടുകടവ് വടശ്ശേരിക്കരക്കടവിലെ അപ്രോച്റോഡ് യഥാവിധം വികസിപ്പിക്കാനോ മണ്ണാറക്കുളഞ്ഞി ശബരിമല പാതയിലേക്ക് തിരുവാഭരണപാത വന്നുചേരുന്ന ഇടുങ്ങിയവഴി വികസിപ്പിക്കാനോ നടപടിയെടുക്കാത്തതാണ് കോടികൾ മുടക്കി നിർമിച്ച പാലം നാടിന് ഗുണപ്പെടാതിരിക്കാനുള്ള കാരണം. പന്തളം മുതൽ പെരുനാട് പഞ്ചായത്ത് വരെയുള്ള തിരുവാഭരണപാത സർക്കാർ ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കുകയും അത് പല പ്രദേശങ്ങളുടെയും വികസനത്തിനും ഗതാഗത സൗകര്യങ്ങൾക്കും ഉപകാരപ്പെടുകയും ചെയ്തിട്ടും വടശ്ശേരിക്കര പേങ്ങാട്ടുകടവ് പാലത്തിന്റെ അപ്രോച് റോഡ് ഉൾപ്പെടുന്ന 500 മീറ്ററിൽ താഴെയുള്ള ഭാഗം വികസിപ്പിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.