പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാൻഡ് യാർഡിന്റെ നിർമ്മാണോദ്ഘാടനം വ്യാഴാഴ്ച നഗരസഭാ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ നിർവ്വഹിക്കും. രണ്ട് ഘട്ടമായാണ് യാർഡിന്റെ നിർമ്മാണം. 3.70 കോടി രൂപയാണ് ഒന്നാം ഘട്ടത്തിൽ ചെലവഴിക്കുന്നത്. തുടർന്ന് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകൾ നിർമ്മിക്കും. മൂന്നാം നിലയിൽ ഓഫിസുകളും നാലാം നിലയിൽ ഓഡിറ്റോറിയവും കോൺഫറൻസ് ഹാളും നിർമ്മിക്കും. വർഷങ്ങളായി തകർന്ന് കിടക്കുന്ന ബസ് സ്റ്റാൻഡ് യാർഡ് ബലപ്പെടുത്തുന്നതിനായി മാറിവന്ന ഭരണസമിതികൾ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടിരുന്നില്ല. നിർമ്മാണത്തിനായി ഭൂമി നികത്തിയപ്പോൾ പ്ലാസ്റ്റിക്ക് അടക്കം മാലിന്യങ്ങൾ ഉപയോഗിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണം.
തുടർച്ചയായി ഭൂമി താഴുന്നതിനാൽ നഗരസഭയുടെ ലക്ഷങ്ങൾ പാഴായി. പുതിയ ഭരണസമിതി തിരുവനന്തപുരം എൻജിനീയറിങ് കോളജിനെ പഠനം നടത്താൻ ചുമതലപ്പെടുത്തി. നിലവിലുള്ള യാർഡിൽ നിന്നും 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്യും. നിലവിലുള്ള കെട്ടിടത്തിന്റെയും യാർഡിന്റെയും ഉപയോഗം ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതി. ബസ് സ്റ്റാൻഡ് പരിസരം മനോഹരമാക്കാൻ ലാൻഡ് സ്കേപ്പിങ്ങും നൂറിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിശാലമായ പാർക്കിങ്ങും ഉൾപ്പെടെയാണ് പുതിയ രൂപകൽപ്പന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.