സത്യപ്രതിജ്ഞക്ക് ശേഷം പന്തളം നഗരസഭയിലെ കൗൺസിലർമാർ
പത്തനംതിട്ട: പുതിയ പ്രതീക്ഷയും കാഴ്ചപ്പാടുകളുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. വലിയ ആഘോഷമായായിരുന്നു എങ്ങും സത്യപ്രതിജ്ഞ. പല സ്ഥലത്തും ഭരണപക്ഷ അംഗങ്ങൾ ഘോഷയാത്രയായാണ് എത്തിയത്. ചിലർ ദൈവ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തപ്പോൾ മറ്റു ചിലർ ദൃഢപ്രതിജ്ഞ ചെയ്തു.
വരണാധികാരി ആദ്യം മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിർന്ന അംഗം ഓരോ അംഗത്തിനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം ഭരണ സമിതിയുടെ ആദ്യ യോഗം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ചേർന്നു.
ജില്ല പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ജില്ല പഞ്ചായത്തിലെ 17 അംഗങ്ങളുടെ സത്യപ്രതിജ്ഞ. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എസ്. പ്രേം കൃഷ്ണൻ മുതിര്‍ന്ന അംഗം സാം ഈപ്പന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാം ഈപ്പൻ മറ്റ് അംഗങ്ങളായ നീതു മാമ്മൻ കൊണ്ടൂർ, ഡോ. ബിജു ടി. ജോർജ്, ജി സതീഷ് ബാബു, ആരോൺ സണ്ണി ബിജിലി പനവേലിൽ, ജൂലി സാബു ഓലിക്കൽ, ടി കെ സജി, അമ്പിളി ടീച്ചർ, എസ് സന്തോഷ് കുമാർ, ദീനാമ്മ റോയി, എ.എൻ സലിം, ബീനാ പ്രഭ, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവി കുഞ്ഞമ്മ, സവിത അജയകുമാർ, സ്റ്റെല്ല തോമസ്, അനീഷ് വരിക്കണ്ണാമല എന്നിവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27 ന് ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ല പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി ഷേര്‍ല ബീഗം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി അംഗം വി. ശങ്കർ അയ്യപ്പ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ഭാര്യ അഞ്ജലി ശങ്കർ സംസ്കൃതത്തിലാണ് പ്രതിജ്ഞ ചെയ്തത്. സി.പി.എമ്മിൽ കാലുവാരൽ ആരോപണം ഉയർന്ന മെഴുവേലി ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗമായ മുൻ എം.എൽ.എ കെ.സി രാജഗോപാലാണ് മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
പന്തളം: ജനസേവനത്തിനൊരുങ്ങി പന്തളത്തെ ജനപ്രതിനിധികൾ സ്ഥാനമേറ്റു. നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 34 കൗൺസിലർമാരും രാവിലെ പത്തിന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വരണാധികാരിയായ ജില്ല പട്ടികജാതി വികസന ഓഫീസർ എം. അജികുമാർ 18ാം ഡിവിഷനിൽനിന്നു ജയിച്ച മുതിർന്ന അംഗം യു.ഡി.എഫിലെ കൈലാസം ഉണ്ണികൃഷ്ണന് സത്യ വാചകം ചൊല്ലിക്കൊടുത്തു. 17 വനിതകൾ ഉൾപ്പെടെ 34 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്.
നഗരസഭാ സെക്രട്ടറി ഇ.ബി അനിത, ഉദ്യോഗസ്ഥരായ പി.കെ ഗീതകുമാരി, ടി.ആർ. വിജയകുമാർ എന്നിവർ പങ്കെടുത്തു. യു.ഡി.എഫ്, ബി.ജെ.പി എന്നിവർ പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് എത്തിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫ്, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതി കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി. ബൈജു, സി.പി.എം ജില്ല കമ്മിറ്റിയംഗം ലസിത നായർ എന്നിവർ സത്യപ്രതിജ്ഞ വീക്ഷിക്കാൻ എത്തിയിരുന്നു.
നഗരസഭയിൽ 14 സീറ്റുമായി എൽ.ഡി.എഫ് ആണ് വലിയ ഒറ്റക്കക്ഷി. യു.ഡി.എഫിന് 11ഉം ബി.ജെ.പിക്ക് ഒമ്പതും സീറ്റുണ്ട്. ടൗൺ സ്ക്വയർ ആയിരുന്നു പത്തനംതിട്ട നഗരസഭ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ വേദി. കുമ്പഴ അഞ്ചാം വാർഡിൽനിന്നു ജയിച്ച അരവിന്ദാക്ഷൻ നായർ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
പന്തളം തെക്കേക്കര: തട്ടയിൽ എസ്.കെ.വി.യു.പി. സ്കൂളിന്റെ ഓപൺ എയർ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് പന്തളം തെക്കേക്കരയിലെ സത്യപ്രതിജ്ഞ നടന്നത്. മൂന്നാം വാർഡിൽനിന്ന് ജയിച്ച മുതിർന്ന അംഗം ലാലി ജോണിന് റിട്ടേണിങ് ഓഫീസർ പന്തളം എ.ഇ.ഒ സി.വി സജീവ്സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വാർഡ് ക്രമത്തിൽ മറ്റ് അംഗങ്ങളെ ലാലി ജോൺ സത്യ പ്രതിജ്ഞ ചെയ്യിച്ചു.
ഭാരത് മാതാ കീ ജയ് വിളികൾ മുഴങ്ങിയ അന്തരീക്ഷത്തിലാണ് ബി.ജെ.പി അംഗങ്ങൾ പ്രതിജ്ഞ ചൊല്ലിയത്. കഴിഞ്ഞ രണ്ടു ടേമിലും മുഖ്യ പ്രതിപക്ഷമായിരുന്ന ബി.ജെ.പിയുടെ പഞ്ചായത്ത് കമ്മിറ്റി ചടങ്ങിനെത്തിയവർക്ക് പായസം വിതരണം ചെയ്ത് ആഹ്ലാദം പങ്കുവച്ചു. വിജയികളായ ബി.ജെ.പി-9, സി.പി.എം-3, കോൺഗ്രസ്-2, സി.പി.ഐ-1 എന്നതാണു പഞ്ചായത്തിലെ കക്ഷിനില.
കൊടുമൺ: ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു കൊടുമണിലെ സത്യപ്രതിജ്ഞ. ഐക്കാട് കിഴക്ക് 15ാം വാർഡ് അംഗം കൃഷ്ണകുമാരിക്ക് വരണാധികാരി ജയരാജ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
തുടർന്ന് കൃഷ്ണകുമാരി മറ്റ് അംഗങ്ങൾക്കും സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രകാശ് ടി. ജോൺ, അംബിക വിനയൻ, ജി. അനിരുദ്ധൻ, എം. കിരൺ, സീന സത്യൻ, കെ.കെ. അശോക് കുമാർ, എം. ആർ. രൂപ, മിഥിൻ അങ്ങാടിക്കൽ, ലീലാമണി വാസുദേവൻ, സി.ജി. ഗീതാ ദേവി, ജിഷ രാജ്, ലിസി ലാൽജി, ഐക്കര ഉണ്ണികൃഷ്ണൻ, ഷൈനി തോമസ്, കെ. ഹരികുമാർ, ഡി. പ്രദീപ്, എ. ജി. ശ്രീകുമാർ, സന്ധ്യ ജി. രാജ് എന്നിവർ സത്യ പ്രതിജ്ഞ ചൊല്ലി.
യൂ ഡി എഫ് 9 , എൽ ഡി എഫ് 8 , ബി ജെ പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസിലെ സി. ഗീതാ ദേവിയാകും പ്രസിഡന്റ്. ചന്ദനപ്പള്ളി ഒന്നാം വാർഡിൽനിന്നു വിമതനായി ജയിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രകാശ് ടി ജോണിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്.
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ വരണാധികാരി മുരുകേശന്റെ സാന്നിധ്യത്തിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിർന്ന അംഗം ഏഴാം വാർഡിൽ നിന്നു ജയിച്ച കെ.പി. തോമസിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ വാർഡ് അംഗങ്ങളായ സുമ വർഗീസ്, ഷീബ സുധീർ, കെ.പി.ഷീബ, ബി. രേഷ്മ, സി.വി. ധനേഷ് ഗോപാലൻ, അഡ്വ ശാന്തകുമാർ, എം. വിമൽ കുമാർ, ശ്രീലത, എൽ. എസ്. ദേവസേന, സി.എസ്. മധു, ജി. ശ്രീകുമാർ, സ്മിത സന്തോഷ്, മിനി വിനോദ്, കെ. ശ്യാമ കൃഷ്ണ എന്നിവർ സ്ഥാനമേറ്റു.
മലയാലപുഴ ഗ്രാമപഞ്ചായത്തിൽ വരണാധികാരി പത്തനംതിട്ട സോയിൽ സർവേ ഓഫീസർ ജസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞ. മുതിർന്ന അംഗം കിഴക്ക്പുറം ഏഴാം വാർഡിൽനിന്ന് ജയിച്ച ബീരാൻ വടക്ക്പുറത്തിന് വരണാധികാരി സത്യവാചകം ചൊല്ലി നൽകി. വിവിധ വാർഡുകളിൽനിന്ന് ജയിച്ച മിനി ജോൺ, ദിലീപ് കുമാർ, കെ.ആർ. ശ്യാമള, ബിന്ദു പ്രദീപ്, എൻ. വളർമതി, എൻ.എസ്. ശശി ലത, എ. ശ്യാംലാൽ, ഗീതാകുമാരി, പ്രീജ പി. നായർ, മലയാലപുഴ മോഹനൻ, വിഷ്ണു പ്രസാദ്, ബിന്ദു, എം. രാജേഷ് തുടങ്ങിയവർ സ്ഥാനമേറ്റു.
സി.പി.ഐ. ജില്ല എക്സിക്യൂട്ടീവ് അംഗം മലയാലപുഴ ശശി, കോന്നി മണ്ഡലം അസി. സെക്രട്ടറി പി.എസ്. ഗോപാലകൃഷ്ണപിള്ള, സി.ജി. പ്രദീപ്, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.