പന്തളം-കൈപ്പട്ടൂർ റോഡിലെ കടയക്കാട് ഭാഗം
പന്തളം: പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗത്തിന്റെ ചുമതലയിൽ നടപ്പാക്കുന്ന പന്തളം-കൈപ്പട്ടൂർ റോഡ് വികസനം മന്ദഗതിയിൽ. ഒരു വർഷം പിന്നിട്ടിട്ടും ഒരു കിലോമീറ്റർ പോലും ടാർ ചെയ്യാനായില്ല. ചില ഭാഗങ്ങളിൽ ഓട നിർമിക്കാനുണ്ട്. ഓടക്ക് മൂടികൾ സ്ഥാപിച്ചെങ്കിലും ചില ഭാഗങ്ങളിൽ ഈ ജോലികളും പൂർത്തിയായില്ല. പന്തളം-കൈപ്പട്ടൂർ എട്ട് കിലോമീറ്റർ റോഡാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ വർഷം ടാറിങ് തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.
ഒ.പി.ബി.ആർ.സി (ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബെയ്സ്ഡ് റോഡ് കോൺട്രാക്ട്) സ്കീമിൽ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലായി അഞ്ച് റോഡുകൾ ഉൾപ്പെടുത്തിയതിലാണ് പന്തളം-കൈപ്പട്ടൂർ റോഡും. ആകെ 69 കോടിയാണ് അഞ്ച് റോഡുകൾക്കായി വിനിയോഗിക്കുന്നത്. ബി.എം ആൻഡ് ബി.സി ടാറിങ്ങാണ് മുഖ്യം. ഓട നിർമാണവും സൂചന ബോർഡുകളും ഉൾപ്പെടുത്തിയിരുന്നു.
പന്തളം-കൈപ്പട്ടൂർ റോഡിലെ ഏറ്റവും അപകടമേഖലയാണ് കീരുകുഴിമുക്ക്. ഈ ഭാഗത്ത് മൂന്ന് അപകടസാധ്യത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതാണ് ഏക നടപടി. കലുങ്ക് നിർമാണത്തിന് തുടക്കമിട്ടെങ്കിലും എതിർപ്പിനെ തുടർന്ന് പാതിവഴിയിൽ നിർത്തി.
ഇവിടെ, റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിസ്തൃതമായ പുറമ്പോക്ക് സ്ഥലം അളന്നു തിട്ടപ്പെടുത്തി പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ട് വർഷങ്ങളായി. റോഡ് നവീകരണ പദ്ധതിയിൽ കീരുകുഴിമുക്കിന് ആദ്യ പരിഗണന ലഭിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ, സൂചന ബോർഡുകൾ സ്ഥാപിച്ചതോടെ നടപടി മുടങ്ങി.
കീരുകുഴിമുക്കിലെ അപകട വളവിൽ പദ്ധതിയുടെ ഭാഗമായി പഴയ കലുങ്കിന്റെ ഭിത്തി നിർമാണത്തിനു തുടക്കമിട്ടിരുന്നു. ഇത് നാട്ടുകാർ തടഞ്ഞു. പിന്നീട് തുടർനടപടിയുണ്ടായില്ല. റോഡിനു വീതി കൂട്ടണമെന്നാവശ്യമുയർന്ന ഭാഗത്താണ് പഴയ കലുങ്കിന് അറ്റകുറ്റപ്പണിക്കു ശ്രമമുണ്ടായത്. പലതവണ വാഹനങ്ങളിടിച്ചു വളഞ്ഞ നിലയിലുള്ള വൈദ്യുതി പോസ്റ്റ് കെ.എസ്.ഇ.ബി ഇനിയും മാറ്റിയതുമില്ല. അപകടങ്ങളേറിയപ്പോൾ നാട്ടുകാർ സ്വന്തം നിലയിൽ രണ്ട് കോൺവെക്സ് മിററുകൾ സ്ഥാപിച്ചിട്ടും അധികൃതർ നിസ്സംഗതയിലാണ്.
പുതിയ റോഡ് നവീകരണ പദ്ധതിയിൽ തുമ്പമൺ ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതും നടപ്പായില്ല. നാല് പ്രധാന റോഡുകൾ ഒരേ ദിശയിൽ സന്ധിക്കുന്ന ഇവിടെ എപ്പോഴും തിരക്കാണ്. വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത് മൂലം കാൽനട, ഇരുചക്രവാഹന യാത്രികർ വലിയ ബുദ്ധിമുട്ടിലാണ്. കടയ്ക്കാട് പാലത്തിൽ വഴിവിളക്ക് സ്ഥാപിച്ചെങ്കിലും വല്ലപ്പോഴുമേ മിഴി തുറക്കാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.