നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതി; ദേവസ്വം ബോർഡിന് 3.54 കോടി ലാഭം

ശബരിമല: നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതി യഥാർഥ്യമായതോടെ മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് ദേവസ്വം ബോർഡിന് 3.54 കോടി ലാഭം. നേരത്തെ മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് ടാങ്കർ ലോറി വഴിയായിരുന്നു ജലവിതരണം. നിലയ്ക്കൽ-സീതത്തോട് പദ്ധതിയിൽ നിന്ന് ശബരിമലയിലേക്ക് ജലവിതരണം ആരംഭിച്ചതോടെ ടാങ്കർ ലോറിയെ ആശ്രയിക്കുന്നത് കുത്തനെ കുറഞ്ഞു.

പദ്ധതി പ്രവർത്തനം തുടങ്ങിയതിനുശേഷം നടന്ന ആദ്യ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് ടാങ്കർ ലോറി വഴി വിതരണം ചെയ്യേണ്ടിവന്നത് 1890 കിലോ ലിറ്റർ വെള്ളം മാത്രമാണ്. കഴിഞ്ഞ മ‍ണ്ഡല കാലത്ത് 1.02 ലക്ഷം കിലോലിറ്ററും അതിനു മുൻവർഷം 1.18 ലക്ഷം കിലോലിറ്ററും വെള്ളം ടാങ്കർ ലോറി വഴി വിതരണം ചെയ്തിരുന്നു. ഈ തീർഥാടന കാലത്ത് നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതിയിലൂടെ 1.17 ലക്ഷം കിലോലിറ്റർ വെള്ളം നിലയ്ക്കലിലെത്തി.

ടാങ്കർ വഴി കുടിവെള്ളം എത്തിക്കേണ്ട സ്ഥിതി ഒഴിവായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.54 കോടി രൂപയാണ് ലാഭിക്കാനായത്. ഈ വർഷം ടാങ്കർ വിതരണ ഇനത്തിൽ 6.78 ലക്ഷം രൂപ മാത്രമാണ് ചെലവായത്. കഴിഞ്ഞ മണ്ഡലകാലത്ത് 3.39 കോടി രൂപയാണ് ടാങ്കർ കുടിവെള്ള വിതരണത്തിന് ചെലവാക്കിയത്. 2023-24 തീർഥാടന കാലത്ത് 3.89 കോടിയാണ് ഈ ഇനത്തിൽ വേണ്ടിവന്നത്.

ടാങ്കർ കുടിവെള്ള വിതരണം ഒഴിവായതോടെ നിലയ്ക്കലേക്ക് ദിനംപ്രതി ഓടിച്ചിരുന്ന 120 മുതൽ150 വരെ ടാങ്കർ ലോറി ട്രിപ്പുകൾ ഒന്നോ രണ്ടോ ആയി ചുരുക്കാൻ കഴിഞ്ഞു. ഇതോടെ ഗതാഗതക്കുരുക്കിനും ഏറെ പരിഹാരമായി. ഈ തീർഥാടന കാലത്ത് പമ്പയിൽ 4.69 ലക്ഷം കിലോലിറ്റർ വെള്ളം പൈപ്പ് ലൈൻ വഴി എത്തിച്ചിരുന്നു. നിലയ്ക്കലിലെ 1.17 ലക്ഷം കിലോലിറ്റർ വെള്ളം കൂടി ചേർത്ത് ആകെ 5.87 ലക്ഷം കിലോലിറ്റർ കുടിവെള്ളമാണ് ഈ തീർഥാടന കാലത്ത് ശബരിമലയിൽ വിതരണലൈൻ വഴി എത്തിച്ചത്.

കഴിഞ്ഞ മണ്ഡലകാലത്ത് പമ്പയിൽ ആകെ 3.90 ലക്ഷം കിലോലിറ്റർ വെള്ളമാണ് വിതരണലൈൻ വഴി എത്തിച്ചത്. നിലയ്ക്കലിൽ വിതരണം ചെയ്ത വെള്ളം മുഴുവനും ടാങ്കർ വഴിയായിരുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനം, നീലിമല എന്നിവടങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തിന് നിലയ്ക്കൽ-സീതത്തോട് പദ്ധതിയും പമ്പ കുടിവെള്ള പദ്ധതിയുമാണ് വാട്ടർ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നത്.

ഒക്ടോബറിൽ പ്രവർത്തനസജ്ജമായ നിലയ്ക്കൽ-സീതത്തോട് പദ്ധതിക്ക് 94 കോടി രൂപയായിരുന്നു നിർമാണചെലവ്

Tags:    
News Summary - Nilakkal-Seethathode drinking water project; Devaswom Board gains Rs 3.54 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.