പത്തനംതിട്ട: മല്ലപ്പുഴശ്ശേരിയില്‍ പുതിയ ആയുര്‍വേദ ആശുപത്രി ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 15 കോടി രൂപ ചെലവിൽ നിര്‍മിക്കുന്ന ആശുപത്രിക്ക് ജലസേചന വകുപ്പിന്റെ സ്ഥലം ലഭ്യമാക്കി ഡി.പി.ആര്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ എല്ലാ ആശുപത്രിയിലും പുതിയ കാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായതയി മന്ത്രി പറഞ്ഞു.
കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ കിഫ്ബിയിലൂടെ 30 കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചു. 46 കോടി രൂപ ചെലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ടു ബ്ലോക്കുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. തിരുവല്ല, അടൂര്‍, കോന്നി, മല്ലപ്പള്ളി, റാന്നി എന്നിവിടങ്ങളിലും ആശുപത്രി നിർമ്മാണം പുരോഗമിക്കുന്നു. മല്ലപ്പുഴശ്ശേരി നെല്ലിക്കാല സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ലക്ഷം രൂപ എം.എല്‍.എ ഫണ്ട് അനുവദിച്ചു. ആതുര ശുശ്രൂഷ ആവശ്യമുള്ളവർക്ക് കുടുംബശ്രീ പ്രവർത്തകർ വീട്ടിലെത്തി കുറഞ്ഞ ചെലവിൽ സേവനം നൽകുന്ന പദ്ധതിക്കും തദ്ദേശ വകുപ്പുമായി ചേർന്ന് തുടക്കമാകുന്നു.
ആരോഗ്യവകുപ്പ് നേതൃത്വത്തിൽ ഇവർക്ക് പരിശീലനം നൽകും. പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. റിസോഴ്‌സ് പേഴ്‌സൻ രേണു വികസന സദസ്സിന്റെ ലക്ഷ്യം വിശദീകരിച്ചു. പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സെക്രട്ടറി ആര്‍. സുമാഭായി അമ്മ അവതരിപ്പിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയ ഹരിതകര്‍മ സേനാംഗങ്ങളെയും പാലിയേറ്റീവ് കെയര്‍ നഴ്‌സിനെയും അനുമോദിച്ചു.
അംഗൻവാടി, പി.എച്ച്.സി സബ് സെന്റര്‍, ഐ.സി.ഡി.പി. സബ് സെന്റര്‍, കുടിവെള്ള പദ്ധതി എന്നിവക്ക് സൗജന്യമായി സ്ഥലം നല്‍കിയ വ്യക്തികളെയും ആദരിച്ചു.ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അശ്വതി പി. നായര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. പ്രദീപ്കുമാര്‍, അസി. സെക്രട്ടറി പുഷ്പ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.