പത്തനംതിട്ട: മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ സ്വച്ഛ് ഭാരത് മിഷന്റെയും ലോക ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ ആധുനിക വിൻട്രോ കമ്പോസ്റ്റ് യൂനിറ്റും എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റും നഗരത്തിൽ ഒരുങ്ങുന്നു.
ആറ് ടൺ ശേഷിയുള്ള വിൻട്രോ കമ്പോസ്റ്റ് യൂനിറ്റിന് കേന്ദ്ര വിഹിതമായ 34.5 ലക്ഷം രൂപയും സംസ്ഥാന വിഹിതമായ 22.77 ലക്ഷം രൂപയും നഗരസഭ വിഹിതമായ 50.73 ലക്ഷം രൂപയും ചേർത്ത് അടങ്കൽ തുകയായി 1.08 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നതെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
മൂന്നര ടൺ ജൈവമാലിന്യം ഒരു മാസംകൊണ്ട് വളമാക്കി മാറ്റാൻ കഴിയുന്ന എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റാണ് നഗരസഭ തയാറാക്കിയ പദ്ധതി. ഓരോ ദിവസവും ശേഖരിക്കുന്ന ജൈവമാലിന്യം ഇനോക്കുലം ചകിരിച്ചോറ് എന്നിവ ചേർത്ത് നിശ്ചിത അളവിലുള്ള കൂനകളാക്കി സ്വാഭാവിക ജൈവവളമാക്കി മാറ്റുന്നതാണ് പദ്ധതി. നിലവിലുള്ള ജൈവ- അജൈവ മാലിന്യ സംസ്കരണ കേന്ദ്രങ്ങളെ മെച്ചപ്പെടുത്താൻ ലോകബാങ്ക് സഹായത്തോടെ 90.3 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കത്.
തുമ്പൂർമുഴി യൂനിറ്റുകളുടെ നവീകരണം, പുതിയവ സ്ഥാപിക്കൽ, മാലിന്യ സംഭരണ കേന്ദ്ര നവീകരണം, അറ്റകുറ്റപ്പണി, അഗ്നി രക്ഷ സംവിധാനം ഒരുക്കൽ, മാലിന്യം തരംതിരിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്കായി ശുചിമുറി, സോർട്ടിങ് ടേബിൾ തുടങ്ങിയ സംവിധാനങ്ങളും പദ്ധതിയിലുണ്ട്. മാലിന്യ സംസ്കരണത്തിന് പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനിയെ ഒഴിവാക്കി നഗരസഭയുടെ തനതായ സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുകയെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു.
നഗരസഭയുടെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിൽ തരംതിരിച്ച് സൂക്ഷിച്ചിട്ടുള്ള അജൈവമാലിന്യം ഉടൻ നീക്കാനും നഗരസഭ നടപടി സ്വീകരിച്ചതായി ചെയർമാൻ പറഞ്ഞു. രണ്ടുവർഷം മുമ്പ് ചുമതലയേൽക്കുമ്പോൾ നഗരസഭ ഭരണസമിതിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന 55 മാലിന്യക്കൂനകളാണ്. എന്നാൽ, ദീർഘവീക്ഷണത്തോടെ എടുത്ത തീരുമാനങ്ങളും ഇച്ഛാശക്തിയോടെയുള്ള നടപ്പാക്കലും ഫലത്തിൽ നഗരത്തിന്റെ വിധി മാറ്റിയെഴുതുകയാണ്.
‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ മുദ്രാവാക്യം ഉയർത്തി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ഉറവിട മാലിന്യ സംസ്കരണത്തിന് 1000 കമ്പോസ്റ്റ് യൂനിറ്റുകൂടി നഗരത്തിൽ സ്ഥാപിക്കും. 90 ശതമാനം സബ്സിഡി നൽകി റിങ് കമ്പോസ്റ്റ്, ബയോബിൻ സംവിധാനങ്ങളാണ് ജൈവമാലിന്യ സംസ്കരണത്തിന് എത്തിക്കുന്നത്.
3752 രൂപ വിലയിൽ രണ്ട് റിങ് കമ്പോസ്റ്റ് യൂനിറ്റ് ഉൾപ്പെടുത്തിയ സംവിധാനം 375 ഉപഭോക്തൃ വിഹിതമായി ഈടാക്കി നൽകും. മൂന്ന് ബിന്നുകൾ ഉൾപ്പെടുന്ന ബയോബിൻ യൂനിറ്റിന് 2161 രൂപയാണ് വില. ഇതിന് 216 രൂപയാണ് ഉപഭോക്തൃ വിഹിതമായി നഗരസഭ ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.