എം.ജി സർവകലാശാല കലോത്സവത്തിന്‍റെ ജി​ല്ല സ്​​റ്റേ​ഡി​യ​ത്തി​ലെ പ്ര​ധാ​ന വേ​ദി

എം.ജി സർവകലാശാല കലോത്സവം: ഇനി അഞ്ചുദിനം ചിലമ്പൊലി നാദം

പത്തനംതിട്ട: ഇന്നുമുതൽ പത്തനംതിട്ട നഗരം ഉത്സവച്ഛായയിലാകും. എങ്ങും മേളവും നാദവും അലയടിക്കും. പാട്ടും നടനവും വേദികളിൽ നിറയും. പതിനായിരത്തോളം പ്രതിഭകൾ കലയുടെ മാറ്റുരക്കുന്നതിന് നഗരം സാക്ഷിയാകും. മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തെ വരവേൽക്കാൻ പത്തനംതിട്ട ഒരുങ്ങി. നഗരവും കലോൽസവം നടക്കുന്ന വേദികളും വൈദ്യുതി ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കയാണ്. സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഉദ്ഘാടന ദിവസത്തെ സന്ധ്യയെ അവിസ്മരണീയമാക്കും.

ഏഴ് വേദികളിലായി 61 മത്സരയിനങ്ങളാണുള്ളത്. കോവിഡ് കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ കലാകാരന്മാരുടെ നാമധേയത്തിലാണ് ഏഴ് വേദികൾ അറിയപ്പെടുന്നത്. പത്തനംതിട്ട ജില്ല സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000ത്തോളം പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സാംസ്കാരിക ഘോഷയാത്ര പുതിയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കും. ഘോഷയാത്രയിൽ ജില്ലയുടെ തനതു കലാരൂപങ്ങൾക്ക് പുറമേ പഞ്ചവാദ്യം, പടയണിക്കോലങ്ങൾ, പുലികളി, മയൂരനൃത്തം, പമ്പമേളം, ബാൻഡ് സെറ്റ്, നിശ്ചല ദൃശ്യങ്ങൾ, തെയ്യം തുടങ്ങിയവയും അണിനിരക്കും. ജില്ലയിലെ കോളജ് വിദ്യാർഥികൾ കേരളീയ വേഷത്തിൽ അണിനിരക്കും.

എൻ.സി.സി കാഡറ്റുകളുടെ മാർച്ച് പാസ്റ്റും ഉണ്ടാകും. കൂടാതെ മലബാറിൽനിന്നുള്ള കലാരൂപങ്ങളും ഉണ്ടാകും. അബാൻ ജങ്ഷൻ, ടൗൺ, പോസ്റ്റ് ഓഫിസ് ജങ്ഷൻ വഴി ജില്ല സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ സമാപിക്കും. തുടർന്ന് അഞ്ചിന് ജില്ല സ്റ്റേഡിയത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. ഉദ്ഘാടന ചടങ്ങിനുശേഷം രാത്രിയിൽ തിരുവാതിരകളി ജില്ല സ്റ്റേഡിയത്തിലും ഗ്രൂപ് സോങ് റോയൽ ഓഡിറ്റോറിയത്തിലും കേരളനടനം കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിലുമായി അരങ്ങേറും. പത്തനംതിട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 100 ൽപരം പൊലീസുകാരും162 വളന്‍റിയർമാരും ചേർന്ന് കലോത്സവത്തിന് സുരക്ഷ ഒരുക്കും. ജില്ലയിലെ 123 കോളജുകളിലെ അധ്യാപകർ അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയാണ് മത്സരങ്ങൾ നടത്തുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും കലാപ്രതിഭ, കലാതിലകം ചാമ്പ്യൻഷിപ് നേടുന്നവർക്കും ഉപഹാരങ്ങൾ നൽകും. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന കോളജുകൾക്കും സമ്മാനങ്ങൾ നൽകുമെന്ന് വർക്കിങ് ചെയർമാൻ അഡ്വ. റോഷൻ റോയ് മാത്യു, ജനറൽ കൺവീനർ ശരത് ശശിധരൻ, യൂനിവേഴ്സിറ്റി യൂനിയൻ വൈസ് ചെയർമാൻ സ്റ്റേനി മേരി എബ്രഹാം, കൺവീനർ അമൽ എബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - MG University Arts Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.