ഓണക്കാലത്തെക്കുറിച്ചുള്ള ഓർമകൾ എപ്പോഴും ബാല്യകാലത്തേക്കാവും കൂട്ടിക്കൊണ്ടു പോകുക. അത്തപ്പൂക്കളവും, ഊഞ്ഞാലും, നാടൻ കളികളും, തുമ്പിതുള്ളലും പുലികളിയും ഓണസദ്യയും ഓണക്കോടിയും എല്ലാം എക്കാലവും ഓണാഘോഷത്തിലെ ഒഴിച്ചു കൂടാൻ കഴിയാത്ത ഘടകങ്ങളായി നിലനിൽക്കുന്നു. ഓണപ്പരീക്ഷ കഴിഞ്ഞുള്ള 10 ദിവസം ലഭിക്കുന്ന അവധിയെന്നത് ആഹ്ലാദത്തിന്റെ പൊടിപൂരമാണ്. നാടിന്റെ മുക്കിലും മൂലയിലും അന്ന് ഒട്ടേറെ ക്ലബുകൾ ഉണ്ടായിരുന്നു.
ഓണക്കാലമാകുമ്പോൾ കൂണുകൾ പോലെ മുളച്ചു പൊന്തുന്ന ക്ലബുകളും വേറെ. വാശിയോടെ മത്സരിച്ചാവും ക്ലബുകൾ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. കൊച്ചു കുട്ടികൾ മുതൽ ഏറെ പ്രായം ചെന്നവർ വരെ ഈ ഓണാഘോഷത്തിൽ സജീവമായിരിക്കും. ഞാൻ പ്രസിഡന്റ് ആയിരുന്ന ക്രിയേറ്റീവ് യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങൾ ഓർമിക്കുവാനും ചിരിക്കുവാനും ഒട്ടേറെ അസുലഭ മുഹൂർത്തങ്ങൾ സമ്മാനിച്ചിരുന്നു.
ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് അത്തം നാൾ മുതൽ കച്ചവടസ്ഥാപനങ്ങളുടെ പരസ്യം സംപ്രേഷണം ചെയ്തു കൊണ്ടാണ് ആഘോഷങ്ങളുടെ തുടക്കം.
ഇന്നത്തെപ്പോലെ റെക്കോഡിങ് സ്റ്റുഡിയോയൊന്നും സമീപ സ്ഥലങ്ങളിൽ ഇല്ലാതിരുന്നതിനാൽ പരസ്യം തത്സമയം വിളിച്ചു പറയുകയാണ് ചെയ്യുന്നത്. ക്ലബ്ബിന്റെ ഭാരവാഹികളാണ് വിളിച്ചു പറയുക. കടയുടെ പേരും പരസ്യ വാചകങ്ങളും മാറിപ്പോയി ചീത്ത വിളികേട്ട ഒട്ടേറെ സന്ദർഭങ്ങളുണ്ട്. പുതുപുത്തൻ വസ്ത്രങ്ങളുടെ വമ്പിച്ച ശേഖരവുമായി ഓണക്കാലത്തെ വരവേൽക്കുന്നു ‘ഹോട്ടൽ’ കാനാവ്. തുണിക്കടക്കാരന്റെയും ഹോട്ടലുകാരന്റെയും ചീത്തവിളി ഒരേ പോലെ.....
ചന്തയിലെ വാക മരത്തിൽ ഊഞ്ഞാല് കെട്ടുക പതിവാണ്. ഒരു തവണ ആരോ ഒരു നിർദേശം മുന്നോട്ടു വെച്ചു കയറിനു പകരം അതുമ്പും വള്ളി( വനത്തിൽ കാണുന്ന നല്ല ബലവും വലുപ്പവുമുള്ള ഒരു തരം കാട്ടുവള്ളി )കൊണ്ട് ഊഞ്ഞാലിടാം. കാശ് മുടക്കുമില്ല. എല്ലാവർക്കും ആ ആശയം ഇഷ്ടപ്പെട്ടു. അടുത്തുള്ള കനകപ്പലം വനത്തിൽ പോയി ആഘോഷമായി അതുമ്പും വള്ളിയൊക്കെ മുറിച്ചു കൊണ്ടുവന്നു ഊഞ്ഞാലിട്ടു.
ഏതാണ്ട് 40-50അടി ഉയരത്തിലുള്ള മരച്ചില്ലയിലാണ് ഊഞ്ഞാൽ കെട്ടുക. ഒരു വശത്ത് ഒറ്റ നീളത്തിലുള്ള വള്ളി കൊണ്ട് കെട്ടാൻ കഴിഞ്ഞു. മറുവശത്ത് രണ്ടു വള്ളികൾ കൂട്ടിച്ചേർത്താണ് നീളമെത്തിച്ചത്. ഊഞ്ഞാൽ ഒക്കെ റെഡി ആയി. കുറച്ചു കഴിഞ്ഞപ്പോൾ വലിയൊരു ശബ്ദവും നിലവിളിയും കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് രണ്ടുപേർ നിലത്ത് കിടക്കുന്നു. രണ്ടു പേരെയും ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു. രണ്ടുപേരുടെയും കൈയൊടിഞ്ഞിരുന്നു. ആശുപത്രി ചെലവ് നല്ലൊരു തുകയും. തീർന്നില്ല അടുത്ത ദിവസം നേരം വെളുത്തപ്പോളുണ്ട് ഫോറസ്റ്റുകാർ വീട്ടുമുറ്റത്ത്. അനുവാദമില്ലാതെ വനത്തിൽ കടന്നു കയറി മരം മുറിച്ചതിനു കേസ്. പുലി കളിക്കിടെ പുലികൾ തമ്മിൽ ചീത്ത വിളിച്ച് അടിയുണ്ടാക്കിയതും നാട്ടുകാർ ഓടിച്ചതും രസകരമായ മറ്റൊരു ഓർമ.
തയാറാക്കിയത്: പി.എച്ച്. റഷീദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.