പത്തനംതിട്ട: സ്വകാര്യ ബസ് ഡ്രൈവറെ ബസ് തടഞ്ഞുനിർത്തി ബസിൽ കയറി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആറന്മുള എരുമക്കാട് സ്വദേശി പാലനിൽക്കുന്ന കാലായിൽ വീട്ടിൽ ശ്രീജിത്തിനെയാണ് (39) ആറന്മുള പൊലീസിന്റെയും ജില്ല ഡാൻസാഫ് ടീമിന്റെയും അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ ആറന്മുള തെക്കേമല സ്വദേശി ശ്രീജീവിന് പ്രതിയായ ശ്രീജിത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ശ്രീജിത്ത് ആറന്മുള സ്റ്റേഷനിൽ പരാതി നൽകുകയും ഇരു കൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ, വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച പ്രതി 23ന് രാവിലെ 10.30ഓടെ പത്തനംതിട്ടയിൽനിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ശ്രീജീവ് ഓടിച്ച ബസ് ചക്കിട്ടപ്പടിയിൽ കൈ കാണിച്ച് നിർത്തിക്കുകയും ബസിനുള്ളിൽ കയറി ശ്രീജീവിനെ തലയ്ക്കും മുഖത്തും കൈകളിലും പുറത്തും വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപിക്കുകയായിരുന്നു.
അന്തർ സംസ്ഥാന ലോറി ഡ്രൈവറായ പ്രതി അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നുകളയാതിരിക്കാൻ പ്രത്യേകം അന്വേഷണസംഘം ജാഗ്രത പുലർത്തി. തുടർന്ന് ശനിയാഴ്ചയോടെ ആലപ്പുഴയിൽനിന്ന് പ്രതിയെ പിടികൂടി. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സജു വി, എസ്.ഐ നിയാസ്, പൊലീസ് ഉദ്യോഗസ്ഥരായ അനിൽ, ഉമേഷ്, ശിവപ്രസാദ്, കിരൺ, മനു, ജില്ല ഡാൻസഫ് എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, അജികുമാർ, ഡാൻസാഫ് അംഗങ്ങളായ മിഥുൻ ജോസ്, ബിനു, സുജിത്കുമാർ, ഷെഫീഖ്, ജിതിൻ, വിമൽ, ശ്രീരാജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.