വയോധികയുടെ സ്വർണമാല പൊട്ടിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: പള്ളിയിൽനിന്ന് പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന 81കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്ന പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി സ്വദേശി കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ് (35) ആണ് പിടിയിലായത്. കഴിഞ്ഞ 20ന് രാവിലെ പള്ളിയിൽ പോയി മടങ്ങിവരുകയായിരുന്ന കുമ്പഴ സ്വദേശിനി കുഞ്ഞമ്മ എബ്രഹാം (81) എന്ന വയോധികയുടെ മാലയാണ് ഇയാൾ ബൈക്കിലെത്തി പൊട്ടിച്ചത്. ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പത്തനംതിട്ട പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വളരെ വേഗം പ്രതിയിലേക്ക് എത്തുകയായിരുന്നു.
മോഷ്ടിച്ചെടുത്ത ബൈക്കുകളിൽ കറങ്ങിനടന്ന് മാല പൊട്ടിക്കുകയാണ് ഇയാളുടെ രീതി. ഇത്തവണയും മാവേലിക്കരയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി കുമ്പഴയിൽ എത്തി മാല പൊട്ടിച്ചത്. പ്രതിയെ റാന്നിയിൽവെച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന സമയത്ത് ഇയാൾ അക്രമാസക്തനാവുകയും വിഷം കഴിച്ചിട്ടുണ്ട് എന്ന് പറയുകയും ചെയ്തതിനാൽ റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ നൽകിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിനു തോമസ് വിവിധ ജില്ലകളിലെ സ്റ്റേഷനുകളിലായി 17ഓളം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ് എബ്രഹാം, അജി. കെ.ബി, സീനിയർ സി.പി.ഒമാരായ സന്ദീപ്, സുബിൻ, ഷിബു, വിജേഷ് അരുൺ, സി.പി.ഒമാരായ അനീഷ്, മിഥുൻ, ജിത്ത്, നിസാം എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.