മുത്തുച്ചാമി
നിർമാണം നടക്കുന്ന ഫ്ലാറ്റുകളിൽ മോഷണം; പ്രതി പിടിയിൽ
തിരുവല്ല: തിരുവല്ല നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും നിർമാണം നടക്കുന്ന ഫ്ലാറ്റുകളും ആളൊഴിഞ്ഞ വീടുകളും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സേലം സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സേലം നേതാജി നഗർ സ്വദേശി മുത്തുച്ചാമി (50)യാണ് പിടിയിലായത്.
തിരുവല്ലയിൽ ഉച്ചയോടെ വൈ.എം.സി.ഐ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിന്‍റെ ഷട്ടർ കുത്തിത്തുറന്ന് പ്രതി ഇൻവർട്ടർ മോഷ്ടിച്ചിരുന്നു. സ്ഥാപനത്തിലെ സി.സി.ടി.വി.യിൽനിന്നും ലഭിച്ച പ്രതിയുടെ ദൃശ്യം ഉൾപ്പെടെ സ്ഥാപന ഉടമ തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിക്കായി പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയാണ് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപത്തു നിന്നും ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ പ്രതി നാട്ടുകാരുടെ പിടിയിലായത്. തുടർന്ന് തിരുവല്ല പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് എസ്.എച്ച്.ഒ റിയാസിന്‍റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘത്തിന് പ്രതിയെ കൈമാറുകയായിരുന്നു.
മോഷണമുതലുകൾ തിരുവല്ല മഴുവങ്ങാടുള്ള ആക്രിക്കടയിലാണ് ഇയാൾ വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ആക്രിക്കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി മോഷണമുതലുകൾ പലതും കണ്ടെടുത്തു. വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ചുവെച്ചിരുന്ന മോഷണമുതലുകളിൽ ചിലതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നിർമാണം നടക്കുന്ന ഫ്ലാറ്റുകളിലും ചില കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തിയിരുന്നത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിരുവല്ല റെയിൽവേ സ്റ്റേഷൻ സമീപം വയോധിക മാത്രം താമസിക്കുന്ന വീട്ടിലെത്തി പ്രതി നടത്തിയ മോഷണശ്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസക്കാലമായി നിർമാണം നടക്കുന്ന ഫ്ലാറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും അടച്ചിട്ട വീടുകളിലും മോഷണം നടക്കുന്നതായ പരാതികൾ ഏറിയിരുന്നു. ഇതിനിടയിലാണ് പ്രതി പിടിയിലായത്. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.