കെ.എസ്.ഇ.ബി ജീവനക്കാർക്ക് മർദനം: പ്രതി നെഞ്ചുവേദനയുമായി ഐ.സി.യുവിൽ; മജിസ്ട്രേറ്റ് എത്തി റിമാൻഡ് ചെയ്തു

അടൂർ: കെ.എസ്.ഇ.ബി ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതി ഏഴംകുളം തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ അജി ഫിലിപ്പിനെ (48) സ്വകാര്യ ആശുപത്രിയിലെത്തി അടൂർ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടർന്ന് ഇയാളെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റി.

എൽ.ഡി.എഫ് ഭരിക്കുന്ന നെടുമൺ സർവിസ് സഹകരണ ബാങ്കിലെ ബോർഡ് അംഗമാണിയാൾ. നെഞ്ചുവേദനയുമായി ചായലോട് മൗണ്ട് സിയോണ്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിയുന്ന അജിയെ അവിടെയെത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. വൈദ്യുതി തകരാര്‍ പരിഹരിക്കാനെത്തിയ കെ.എസ്.ഇ.ബി ഏഴംകുളം സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍ ബിയാന്തോസ് നാഥ് മേനോന്‍, ലൈന്‍മാന്‍ രാമചന്ദ്രന്‍ എന്നിവരെ കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതിനാണ് അജി മര്‍ദിച്ചതായി പരാതിയുള്ളത്. വൈദ്യുതി മുടങ്ങിയത് പരിശോധിക്കാന്‍ പറക്കോട് എന്‍.എസ്.യു.പി.എസ് സ്‌കൂളിന് സമീപം ജോലി ചെയ്യുമ്പോഴാണ് അജി എത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കേബിള്‍ നെറ്റ്വര്‍ക്കിലെ കേബിള്‍, വൈദ്യുതി തൂണില്‍നിന്ന് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തർക്കവും തുടർന്ന് മർദനവുമുണ്ടായത്. ഇരുവരും അടൂര്‍ സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

എന്നാൽ, സി.ഐ അടക്കമുള്ളവര്‍ കേസെടുക്കാനോ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ല. കെ.എസ്.ഇ.ബി അധികൃതര്‍ ഡിവൈ.എസ്.പിയുടെ അടുത്ത് പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് അജിക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത്. 

Tags:    
News Summary - KSEB staff assaulted: Accused in ICU with chest pain; The magistrate arrived and remanded him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.