കോന്നി: കുളത്തുമൺ, കല്ലേലി പ്രദേശങ്ങളിൽ വന മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന കൈത കൃഷിയെ തുടർന്ന് പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായി. കാട്ടാന ശല്യം വർധിച്ചതോടെ പ്രദേശത്തെ കൈത ചക്ക കൃഷി നടത്തുന്ന ഉടമകൾക്ക് ഈ കാരണം ചൂണ്ടിക്കാട്ടി കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ നോട്ടീസ് നൽകിയിരുന്നു.
വന മേഖലയോട് ചേർന്ന സ്ഥലങ്ങളിലാണ് കൈത കൃഷി കൂടുതലും ഉള്ളത്. കൈത ചക്ക പഴുത്ത് പാകമാകുമ്പോൾ ഉണ്ടാകുന്ന സുഗന്ധം ആനകളെ പ്രദേശത്തേക്ക് ആകർഷിക്കുകയും ശല്യം രൂക്ഷമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുപോലും യാതൊരു നടപടിയും ഉണ്ടായില്ല. നടുവത്തുമൂഴി വന മേഖലയോട് ചേർന്ന കല്ലേലി എസ്റ്റേറ്റ് ഭാഗത്താണ് കൈതകൃഷി കൂടുതലായും ഉള്ളത്. ഈ എസ്റ്റേറ്റിനുള്ളിൽ റബർ വെട്ടുന്നതിനും മറ്റ് ജോലികൾക്കും പോയ നിരവധി തൊഴിലാളികളെയാണ് കാട്ടാന ഓടിക്കുകയും തൊഴിലാളികൾ തല നാരിഴക്ക് രക്ഷപ്പെടുകയും ചെയ്തിട്ടുള്ളത്.
പ്രദേശത്തെ നിരവധി കൈതത്തോട്ടങ്ങളും കാട്ടാന നശിപ്പിച്ചിരുന്നു. കൈത ചക്കയുടെ അവശിഷ്ടങ്ങൾ പ്രദേശത്തേക്ക് വലിച്ചെറിയുന്നതും കാട്ടാന ശല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രദേശത്തെ കൈത കൃഷി നടത്തുന്ന സ്വകാര്യ വ്യക്തികൾ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലാണ് ഇത്തരം കൈത കൃഷികൾ നടത്തുന്നതെന്നാണ് ആക്ഷേപം.
കൈത തോട്ടം തൊഴിലാളികൾ വനപാലകർക്കെതിരെ പരാതി നൽകി
പാടം ഫോറസ്റ്റ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് എതിരെ ഇതര സംസ്ഥാന തൊഴിലാളികൾ കൂടൽ പൊലീസിൽ പരാതി നല്കി. കുളത്തുമണ്ണിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിലെ ആരോപണ വിധേയരായ കൈത തോട്ടത്തിലെ ഉടമയുടെ തൊഴിലാളികളായ ആറുപേരാണ് പരാതി നൽകിയത്.
വനപാലകർ മുന്നറിയിപ്പ് നൽകാതെ പിടിച്ചുകൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് മർദ്ദിക്കുകയും, ഫോൺ തട്ടിയെടുക്കുകയും ചെയ്തുവെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. ആന ചരിഞ്ഞ സംഭവത്തിൽ തോട്ടം തൊഴിലാളികൾക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.