കോന്നി: തണ്ണിത്തോട് കല്ലാറ്റിൽ കുട്ടിയാനയോടൊപ്പം അവശനിലയിൽ കണ്ടെത്തിയ പിടിയാനയെ വനം വകുപ്പ് അധികൃതർ വേണ്ടരീതിയിൽ ചികിത്സിക്കാൻ ശ്രമിച്ചില്ലെന്ന് നാട്ടുകാരുടെ പരാതി. മൂന്ന് ദിവസമായി പ്രദേശത്ത് അവശനിലയിൽ തുടർന്ന ആനയെ പിന്നീട് നടുവത്തുമൂഴി റേഞ്ചിൽ െചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡോക്ടർമാരുടെ സംഘം എത്തിയിട്ടും ആനയെ ചികിത്സിക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളത്തിൽ നിൽക്കുന്നതിനാൽ ആനയെ മയക്കുവെടി വെക്കാനോ ചികിത്സിക്കാനോ കഴിയില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ആന കരയിൽ കയറിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ആന ആറ്റിലൂടെ നടന്ന് ഇലവുങ്കൽ തോടിന് സമീപം എത്തിയിട്ടും ചികിത്സിക്കാനുള്ള നടപടികൾ ചെയ്തില്ലെന്നാണ് വിമർശനം. മാത്രമല്ല, ചികിത്സിക്കാൻ എത്തിയ ഡോക്ടർമാരുടെ സംഘം ആദ്യദിവസം വന്നുകണ്ടതിന് ശേഷം മടങ്ങിപ്പോയി. പിന്നീട് എത്തിയതുമില്ല. ആറ്റിൽ ഇറങ്ങി ഉദ്യോഗസ്ഥരുടെ അടുത്തേക്ക് വന്ന ആനയെ പടക്കം പൊട്ടിച്ച് കാട് കയറ്റി വിടാൻ ഉള്ള ശ്രമങ്ങൾ മാത്രമാണ് നടന്നത്. ആന പൂർണ ആരോഗ്യവതിയാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നു.
പിടിയാന ചരിഞ്ഞതിന് ശേഷം കൂടെ ഉണ്ടായിരുന്ന കുട്ടിയാനക്ക് എന്ത് സംഭവിച്ചു എന്നതിന് മറുപടി നൽകാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ആന വെള്ളത്തിൽനിന്ന് കയറാതെ മണിക്കൂറുകളോളം ആറ്റിൽ നിലയുറപ്പിച്ചിട്ടും ആനക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർക്കോ ഡോക്ടർമാർക്കോ കഴിയാഞ്ഞത് ഗുരുതര വീഴ്ചയായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.