കോന്നി: ഏഴു മാസത്തിനിടെ രണ്ടാം തവണയാണ് അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ ആട് പുലിയുടെ ആക്രമണത്തിൽ ചാവുന്നത്. ഇപ്പോൾ ആടിനെ പിടിച്ചതിന് 100 മീറ്റർ അകലെയാണ് അന്ന് പുലി ആടിനെ പിടിച്ചത്. പുലിയുടെ സാന്നിധ്യം പതിവായതോടെ ഭീതിയിലാണ് നാട്ടുകാർ.
രണ്ടു സ്ഥലത്തും കാമറ സ്ഥാപിച്ചിട്ടും കാമറയിൽ പതിയാത്തതിനാൽ വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചില്ല. എന്നാൽ തുടർച്ചയായ പുലി ആക്രമണത്തിൽ ഭീതിയിലായ പ്രദേശവാസികൾ കൂട് സ്ഥാപിക്കണം എന്നാണ് ആവശ്യപ്പെടുന്നത്.
റബർ തോട്ടങ്ങളിൽ വളർന്നു നിൽക്കുന്ന അടിക്കാടുകളും പുലി അടക്കം വന്യ ജീവികൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ട്. കന്നുകാലികളെയും മറ്റും വളർത്തി ജീവിക്കുന്ന സാധാരണക്കാരായ കർഷകരാണ് ഇവിടെ ഏറെയുമുള്ളത്. നിരവധി കർഷകർക്കാണ് വന്യ ജീവികളുടെ അക്രമണത്തിൽ വളർത്ത് മൃഗങ്ങളെ നഷ്ടപ്പെട്ടത്.
പാടം ഫോറസ്റ്റേഷൻ പരിധിയിൽ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണു സംഭവം. ഊട്ടുപാറ കാഞ്ഞിരത്തുംമൂട്ടിൽ സന്തോഷ് ബാബുവിന്റെ ആടിനെയാണ് പുലി പിടിച്ചത്. സന്തോഷ് ബാബുവും സമീപവാസിയായ മോനച്ചനും ചേർന്ന് വീടിന് സമീപത്തെ കൃഷിയിടത്തിൽ കൂട്ട് കൃഷി നടത്തിയിരുന്നു. നായയുടെ കുര കേട്ട് ഉണർന്ന മോനച്ചൻ പന്നി കയറിയതാണെന്നു കരുതി കൃഷിയിടത്തിലേക്ക് ടോർച്ച് തെളിയിച്ചപ്പോൾ പുലി ഓടിപ്പോകുന്നതാണ് കണ്ടത്.
ആടിനെ കെട്ടി ഇട്ടിരുന്നതിനാൽ വലിച്ചു കൊണ്ടുപോകുവാൻ പുലിക്ക് കഴിഞ്ഞില്ല. പാടം ഫോറസ്റ്റ് ഡെപ്യൂട്ടി ആനിൽ കുമാറിന്റെ നേതൃത്വത്തിൽ വനപാലക സംഘം എത്തി നടപടി സ്വീകരിച്ചു. പ്രദേശത്ത് പുലി ഭീതി നിലനിൽക്കുന്നതിനാൽ കാമറ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.