വിശപ്പുരഹിത കേരളം പാളി; ജനകീയ ഹോട്ടലുകൾ പൂട്ടുന്നു

കോന്നി: വിശപ്പുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നടപ്പാക്കിയ ജനകീയ ഹോട്ടലുകൾ സർക്കാർ സബ്‌സിഡി ലഭ്യമാകാത്തതുമൂലം അടച്ചുപൂട്ടുന്നു. 2020ലാണ് ജനകീയ ഹോട്ടലുകൾ സംസ്ഥാനത്ത് തുറക്കുന്നത്. വിശന്നിരിക്കുന്ന ഒരാൾക്ക് കുറഞ്ഞ നിരക്കിൽ ഒരു നേരത്തെ ഭക്ഷണം എങ്കിലും നൽകണം എന്ന ആശയമാണ് പദ്ധതിക്ക് പിന്നിൽ.

1180 ഹോട്ടലുകൾവഴി 4485 വനിത ജീവനക്കാരാണ് ഇതിലൂടെ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. ഭക്ഷ്യ പൊതു വിതരണ വകുപ്പിൽനിന്ന് ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ട് പോയിരുന്നത്, തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്കാണ് നടത്തിപ്പ് ചുമതല. എന്നാൽ, സർക്കാർ സബ്‌സിഡി ലഭ്യമാകാതെ വന്നതോടെ ജില്ലയിലെ ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റി. സബ്‌സിഡി തുക ഉടൻ ലഭ്യമാക്കും എന്നാണ് കുടുംബശ്രീ ജില്ല മിഷൻ ഉറപ്പ് നൽകിയിരുന്നത്. ഈ പ്രതീക്ഷയിൽ ജീവനക്കാരായ വീട്ടമ്മമാർ സ്വന്തം കൈയിലെ പണം വിനിയോഗിച്ചാണ് ഹോട്ടലുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയിരുന്നത്.

എന്നാൽ, സബ്‌സിഡി തുക ലഭിക്കാതെ വന്നതോടെ ഇവരും പ്രതിസന്ധിയിലായി. കോന്നി താലൂക്കിലും നിരവധി ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. കോന്നി, അരുവാപ്പുലം, പ്രമാടം അടക്കമുള്ള പഞ്ചായത്തുകളിൽ ഹോട്ടലുകൾ പൂട്ടി. കോന്നിയിൽ ദിവസങ്ങൾ മാത്രമാണ് ജനകീയ ഹോട്ടൽ പ്രവർത്തിച്ചത്. കിലോക്ക് 60 രൂപ വിലയുള്ള അരി വാങ്ങിയാണ് അച്ചാറും തോരനും കറികളും ഉൾപ്പെടെ 20 രൂപ നിരക്കിൽ ജനകീയ ഹോട്ടലുകൾ വഴി ഊണ് നൽകുന്നത്. എന്നാൽ, ഈ 20 രൂപ നിരക്കിൽ നൽകുന്ന ഊണ് ലാഭകരമല്ല എന്നും സ്പെഷലായി വാങ്ങുന്ന മീൻ വിഭവങ്ങൾ കൂടി ഉണ്ടെങ്കിലേ ലാഭം കിട്ടൂവെന്നും ജീവനക്കാർ പറയുന്നു. പലപ്പോഴും ആളുകൾ മീൻ വിഭവങ്ങൾ വാങ്ങാറില്ല എന്നതും ലാഭത്തെ ഇല്ലാതെയാക്കുന്നു. സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കിയ ഒരു പദ്ധതിയാണ് സബ്‌സിഡി കിട്ടാതെ ആയതോടെ പ്രതിസന്ധിയിലായത്. നിരവധി സാധാരണക്കാരായ ആളുകൾ ഒരു നേരത്തെ അന്നത്തിന് സമീപിച്ചിരുന്നതും സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളെ ആയിരുന്നു.

Tags:    
News Summary - Hunger-free Kerala project issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.