സ്ഥലം ഉടമയും സർക്കാറും തമ്മിലെ തർക്കം; കോന്നി കെ.എസ്.ആർ.ടി.സി നിർമാണം ഹൈകോടതി തടഞ്ഞു

കോന്നി: സ്ഥലം ഉടമയും സർക്കാറും തമ്മിലെ തർക്കത്തിൽ ഹൈകോടതി ഇടപെട്ടത്തോടെ കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമാണം അനിശ്ചിതത്വത്തിലായി. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും തടഞ്ഞ് ഹൈകോടതി ഉത്തരവ് ഇറക്കി. ഡിപ്പോ അടുത്ത് തന്നെ ഉദ്ഘാടനം നടത്തുമെന്ന് ഗതാഗതമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ കെട്ടിടത്തിന്‍റെ ഉൾപ്പെടെ അവസാനവട്ട നിർമാണമാണ് നടക്കുന്നത്. ഭൂവുടമക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുത്ത് തീർക്കുന്നതുവരെ പണി നടത്താനോ ഉദ്യോഗസ്ഥർ പ്രവേശിക്കാനോ പാടില്ലെന്ന് കോടതി നിർദേശിച്ചു.

നേരത്തേ ഇവിടെ ഉടമ വേലി സ്ഥാപിക്കാൻ എത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് തടഞ്ഞിരുന്നു. 2011ൽ കോന്നി ഗ്രാമപഞ്ചായത്ത്‌ നിർദേശിച്ച 2.41 ഏക്കർ തരിശുപാടശേഖരം ഡിപ്പോയുടെ നിർമാണത്തിനായി കണ്ടെത്തിയിരുന്നു. വാക്കാലുള്ള കരാറിലൂടെ ഈ ഭൂമി സർക്കാർ ഏറ്റെടുത്തെങ്കിലും ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കൃത്യമായ നടപടി ഉണ്ടായില്ല. എന്നാൽ, അഞ്ച് ഭൂവുടമകൾക്കും പദ്ധതിക്ക് അനുകൂലമായ നിലപാട് ഉണ്ടായിരുന്നു. 1.10 ഏക്കർ സ്ഥലമാണ് നിലവിൽ തർക്ക വിഷയമായത്.

കോന്നി ചേരിയിൽവീട്ടിൽ രവി നായരാണ് സ്ഥലമുടമ. ഈ ഭൂമിക്ക് 18 ലക്ഷം രൂപ നൽകാൻ പഞ്ചായത്ത് തയാറായിരുന്നെങ്കിലും അർഹിക്കുന്ന തുക ലഭിക്കണമെന്ന് അവശ്യപ്പെട്ട രവി നായർ തുക നിരസിക്കുകയായിരുന്നു. ഉടമ ഹൈകോടതിയെ സമീപിച്ചതോടെ പഞ്ചായത്തിന് നൽകിയ ഭൂമി അളന്ന് തിരിച്ചുനൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

നിലവിൽ ഡിപ്പോയുടെ ഓഫിസും ഗാരേജും പാർക്കിങ്ങും ഉൾപ്പെടെ അടിസ്ഥാന സൗകര്യം പൂർത്തിയായിട്ടും നിയമപരമായ തടസ്സം നീങ്ങാതെ പ്രവർത്തനം സാധ്യമല്ല എന്ന സ്ഥിതിയിലാണ്. ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിലേക്ക് നിലവിൽ ആറു കോടിയോളം ചെലവഴിച്ചിട്ടുണ്ട്.

News Summary - High Court stayed construction of Konni KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.