സജി ഓമനയമ്മയ്ക്കും പഞ്ചായത്തംഗം ജോജുവിനും ഒപ്പം

സജിക്ക് ഒന്നുമറിയില്ല; അവനിപ്പോൾ എല്ലാമെല്ലാം ഓമനയമ്മയാണ്...

കോന്നി: കൊക്കാത്തോട് ആദിവാസി കോളനിയിലെ നാലു വയസ്സുകാരൻ സജിക്ക് എല്ലാമെല്ലാമാണ് അറുപത്തിരണ്ടുകാരി ഓമനയമ്മ. ആറു മാസങ്ങൾക്ക് മുമ്പ് സജിയുടെ മാതാപിതാക്കളായ ആദിവാസി കോളനിയിലെ സുനിത-ശശി ദമ്പതികൾ വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിലേക്ക് പോയെങ്കിലും ഇതുവരെ തിരികെയെത്തിയിട്ടില്ല. കാണാതാകുമ്പോൾ മാതാവ് സുനിത പൂർണ ഗർഭിണിയുമായിരുന്നു. കാണാതായത് അറിഞ്ഞ നിമിഷം മുതൽ സജിയെ പൊന്നുപോലെ നോക്കുന്നത് കോട്ടാമ്പാറ ഗിരിജൻ കോളനിയിലെ ഓമനയമ്മയാണ്. അവന്‍റെ എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്തത്തോടെ നോക്കുമ്പോൾ മാതാപിതാക്കളുടെ അസാന്നിധ്യം ഇവൻ അറിയുന്നില്ലെന്നതാണ് യാഥാർഥ്യം.

കുട്ടിയുടെ അനാഥത്വം അംഗൻവാടി മുഖേന ശിശുസംരക്ഷണ സമിതി പ്രവർത്തകർ അറിഞ്ഞെത്തിയെങ്കിലും ''എന്‍റെ കാലശേഷം പൊന്നുമോൻ സജിയേ ഏറ്റെടുത്തു കൊള്ളൂ'' എന്ന ഓമനയമ്മയുടെ ദൃഢനിശ്ചയത്തോടെയുള്ള വാക്കുകൾ കേട്ട് അവർ മടങ്ങി. ഇപ്പോൾ ഗ്രാമപഞ്ചായത്ത് അംഗം ജോജു, പിന്നീട് ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ നിരന്തര ഇടപെടലും സഹായവും സജിയുടെയും ഓമനയമ്മയുടെയും കാര്യത്തിലുണ്ട്. സുനിത-ശശി ദമ്പതികളുടെ മകനായ സജിയുടെ ജനനം യാത്രാ മധ്യേ വാഹനത്തിൽ വെച്ചായിരുന്നു.

പ്രസവവേദനയെ തുടർന്ന് കൊക്കാത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തു മുമ്പേ പിറന്ന കുഞ്ഞാണ് സജി. മാതാപിതാക്കളുടെ സ്നേഹം കൂടുതൽ വേണ്ട പ്രായത്തിലാണ് ഇരുവരെയും നഷ്ടമായത്. കാണാതായ ശേഷം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നാഴ്ചകൾക്ക് മുമ്പ് കോട്ടാമ്പാറയിൽനിന്ന് 15 കിലോമീറ്റർ ഉൾവനത്തിൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയെങ്കിലും മരണപ്പെട്ടത് സജിയുടെ മാതാപിതാക്കളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Tags:    
News Summary - Four-year-old Saji without seeing his parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.