കോന്നി: കോന്നിയുടെ അഭിമാനമായി നിലനിൽക്കുന്ന കോന്നി ആനത്താവളത്തിൽ കോന്നി കൊച്ചയ്യപ്പൻ കൂടി ചരിഞ്ഞതോടെ ഇനിയും അവശേഷിക്കുന്നത് നാല് ആനകൾ മാത്രം. പ്രിയദർശനി (42), മീന (34), ഈവ (23), കൃഷ്ണ (13) എന്നീ ആനകൾ മാത്രമാണ് ഇനിയുള്ളത്.
2015ൽ കുട്ടിയാനകളായ ലക്ഷ്മി 2020ൽ പിഞ്ചുവും അമ്മുവും മുതിർന്ന ആന മണിയനും 2024 ൽ കോടനാട് നീലകണ്ഠനും മണിയും കല്പനയും അടക്കം പ്രസിദ്ധി നേടിയ ആനകളാണ് കോന്നി ആനത്താവളത്തിൽ ചരിഞ്ഞത്.
ആനകൾ തുടർച്ചയായി ചരിയുന്ന സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു വർഷത്തിന് ഇടയിൽ മൂന്ന് ആനകൾ ആനത്താവളത്തിൽ ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന മണി എന്ന കൊമ്പനാന ഇരണ്ടകെട്ടിനെ തുടർന്നാണ് ചരിഞ്ഞത്.മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയാന പിഞ്ചു ചരിഞ്ഞത്.
ജൂനിയർ സുരേന്ദ്രനും കല്പനയും കുട്ടിയായിരുന്നപ്പോൾ ചരിഞ്ഞു. ഹെർപിസ് രോഗ ബാധയെ തുടർന്നാണ് ലക്ഷ്മി, അമ്മു എന്നീ കുട്ടിയാനകൾ ചെരിഞ്ഞത്. മണി ചരിഞ്ഞത് സ്വാഭാവികം എന്ന് കരുതി എങ്കിലും കുട്ടിയാനകൾ തുടർച്ചയായി ചരിഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടയിൽ പോലും സംശയമുളവാക്കിയിരുന്നു.
കോന്നി : കോന്നി ആനത്താവളത്തിലെ കൊച്ചയ്യപ്പൻ എന്ന ആനകുട്ടി ചെരിയാൻ ഇടയായത് ഹെർപിസ് വൈറസ് ബാധിച്ചെന്ന് സംശയം ബലപ്പെടുന്നു. നിരവധി കുട്ടിയാനകളാണ് കോന്നി ആനത്താവളത്തിൽ ഈ വൈറസ് ബാധിച്ച് ചരിഞ്ഞത്. നാട്ടാനകളെ ഗുരുതരമായി ബാധിക്കുന്ന ഹെർപ്പിസ് വിഭാഗത്തിൽ പെടുന്ന വൈറസാണ് എലിഫന്റ് എൻഡോ തെലിയോട്രോപിക് ഹെർപസ് വൈറസുകൾ.
ഇത് ഏഷ്യൻ ആനകളിലേക്ക് വ്യാപിക്കുമ്പോൾ മാരകമായ രക്തസ്രാവത്തിന് കാരണമാവുകയും ആനകൾ ചരിയുകയും ചെയ്യുന്നു. 1990 ലാണ് ഈ രോഗത്തിന്റെ മാരകമായ അവസ്ഥ രേഖപ്പെടുത്തുന്നത്.
1970ൽ ആഫ്രിക്കൻ ആനകളുടെ ചർമത്തിൽ ഉണ്ടായ മുറിവുകളിലും ഈ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അണുബാധ ഏറ്റുകഴിഞ്ഞാൽ 24 മണിക്കൂറുകൾക്ക് അകം ആന മരണപ്പെടുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
രക്ത കോശങ്ങളെയും നാവിനെയും ഹൃദയത്തെയും അടക്കം ബാധിക്കുന്ന ഈ വൈറസിനുള്ള ചികിത്സ ചെലവേറിയതും കുറഞ്ഞ രീതിയിൽ മാത്രം ഫലപ്രദമാകുന്നതുമാണ്. 1995ൽ വാഷിങ്ടൺണിലെ നാഷണൽ മൃഗശാലയിൽ ആണ് ഏഷ്യൻ ആനകളിൽ ഈ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.