കെ.യു. ജനീഷ് കുമാർ എം.എൽ.എ

പുനലൂർ - മൂവാറ്റുപുഴ പാത നിർമാണം: കരാറുകാരെ ശകാരിച്ച് എം.എൽ.എ

കോന്നി: താലൂക്ക് വികസനസമിതി യോഗത്തിൽ ഏറെ ചർച്ചയായത് പുനലൂർ - മൂവാറ്റുപുഴ പാത നിർമാണ പ്രവർത്തനങ്ങളിലെ അപാകതകൾ. ഉയരുന്ന പരാതികൾക്ക് പരിഹാരം കാണാൻ നിർമാണ കമ്പനി തയാറാകാത്തതിൽ കോന്നി താലൂക്ക് വികസന സമിതിയിൽ പൊട്ടിത്തെറിച്ച് കെ.യു. ജനീഷ് കുമാർ എം.എൽ.എ.

കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ നടക്കുന്ന റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പരാതിയാണ് ഉയരുന്നതെന്നും കരാറുകാർ പ്രശ്നം പരിഹരിക്കാതെ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും എം.എൽ.എ കുറ്റപ്പെടുത്തി. കോന്നി സെൻട്രൽ ജങ്ഷനിൽ കലുങ്കിന്റെ നിർമാണം നീളുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ തീർക്കാവുന്ന ജോലികൾ മാസങ്ങളായി ഇഴഞ്ഞ് നീങ്ങുകയാണെന്നും വികസന സമിതിയിൽ പരാതി ഉയർന്നു. പൂങ്കാവ് റോഡിലെ ഭൂമി കൈയേറ്റവും മുഖ്യ ചർച്ചയായി.

കലഞ്ഞൂരിൽനിന്നും കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന് കഴിഞ്ഞ വികസന സമിതിയിൽ ആവശ്യം ഉയർന്നിരുന്നു. ഇത് ഉടൻ ആരംഭിക്കും. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോന്നി ഗവ.സ്കൂളിലെ കെട്ടിടത്തിന് പഞ്ചായത്ത്‌ പെർമിറ്റ് ഉടൻ നൽകും. തണ്ണിത്തോട് പഞ്ചായത്തിലെ കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിക്കണമെന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആവശ്യപ്പെട്ടു.

പുനലൂർ- മൂവാറ്റുപുഴ പാത നിർമാണവുമായി ബന്ധപ്പെട്ട് ഇടറോഡുകളിൽ തടസ്സം ഉണ്ടാകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോന്നി തഹൽസിൽദാർ ഇൻചാർജ് സുദീപ്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കോന്നി താലൂക്ക് ആശുപത്രി നിർമാണം കട്ടയായ സിമന്‍റ് പൊടിച്ചു ചേർത്തെന്ന് പരാതി

കോന്നി: കോടികൾ ചെലവഴിച്ച് നിർമിക്കുന്ന കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിർമാണത്തിൽ കട്ടയായ സിമന്റ് പൊടിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചതായി കോന്നി താലൂക്ക് വികസന സമിതിയിൽ പരാതി.

വിഷയം കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് സുലേഖ വി. നായർ ദൃശ്യങ്ങൾ സഹിതം സമിതിയിൽ സമർപ്പിച്ചതോടെ കെ.യു. ജനീഷ് കുമാർ എം.എൽ.എ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി താക്കീത് നൽകി.വലിയ സിമന്റ് കട്ടകൾ പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിർമാണം സംബന്ധിച്ച് നിരവധി പരാതികൾ മുമ്പും ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Construction of Punalur - Moovatupuzha road: MLA scolded the contractors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.