നിർമാണം പുരോഗമിക്കുന്ന കോന്നി മെഡിക്കൽ കോളജ് റോഡ്
കോന്നി: 14 കോടി ചെലവിൽ കോന്നി മെഡിക്കൽ കോളജ് റോഡ് നിർമാണം പുരോഗമിക്കുന്നു. 225 സ്ഥലം ഉടമകളിൽനിന്നായി 2.45 ഹെക്ടർ സ്ഥലമാണ് കോന്നി മെഡിക്കൽ കോളജ് റോഡ് നിർമാണത്തിന് സർക്കാർ ഏറ്റെടുത്തത്. റോഡിന്റെ സംരക്ഷണ ഭിത്തി നിർമിച്ച് മണ്ണിട്ട് നിരപ്പാക്കുന്ന ജോലികയാണ് നടക്കുന്നത്. 12 മീറ്റർ വീതിയിൽ കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺവരെ 2.800 കിലോമീറ്റർ ദൂരം ബി.എം ബി.സി സാങ്കേതിക വിദ്യയിലാണ് നിർമിക്കുന്നത്. നിലവിൽ അഞ്ചു മീറ്ററുള്ള റോഡ് 9.5 മീറ്റർ വീതിയിൽ നിർമിക്കും.
കുപ്പക്കര മുതൽ വട്ടമൺവരെ 1.800 കിലോമീറ്റർ നിലവിലെ മൂന്ന് മീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്യും. പത്ത് ഇടങ്ങളിൽ പൈപ്പ് കലുങ്കുകളും 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും നിർമിക്കും. വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കും നിർമിക്കുന്നുണ്ട്. പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.
വീതികുറഞ്ഞ വട്ടമൺ കുരിശ് ജങ്ഷനിൽ പെരിഞ്ഞൊട്ടക്കൽ റോഡിനു കുറുകെ ഇരുവശവും വീതികൂട്ടി നിലവിലുള്ള മെഡിക്കൽ കോളജ് റോഡുമായി ബന്ധിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. ഇത് പൂർത്തിയായാൽ മുരിങ്ങമംഗലം ജങ്ഷനിൽ എത്താതെ തന്നെ വീതികൂടിയ റോഡിലൂടെ നവീകരിക്കുന്ന പഴയ റോഡിൽ എത്താൻ കഴിയും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആളുകളാണ് കോന്നി മെഡിക്കൽ കോളജിൽ എത്തി ചികിത്സ തേടുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണം നടക്കുന്നതിനാൽ ശബരിമല ബേസ് ആശുപത്രിയായി പ്രവർത്തിച്ചതും കോന്നി മെഡിക്കൽ കോളജ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.