കൃഷിവകുപ്പിന്റെ ഭൂമി കയ്യേറി നിർമിക്കുന്ന കഫ്റ്റീരിയ
കോന്നി: മെഡിക്കൽ കോളജ് റോഡിൽ കൃഷി വകുപ്പിന്റെ ഭൂമി കൈയേറി കഫ്റ്റീരിയ നിർമിക്കുന്നു. അരുവാപ്പുലം പഞ്ചായത്തിലെ ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെയാണ് ഭൂമി കയ്യേറ്റമെന്ന് ആക്ഷേപം.
കൃഷിവകുപ്പ് അറിയാതെ അവരുടെ ഭൂമിയിൽ കഫ്റ്റീരിയ നിർമിക്കാൻ അനുമതി നൽകിയത് വിവാദമായിട്ടുണ്ട്. കൃഷി വകുപ്പിന്റെ ഭൂമിയിൽ നിർമിച്ച കഫ്റ്റീരിയ അനധികൃതമെന്ന് വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്. അനധികൃത നിർമാണം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടും ഇതൊന്നും വകവെക്കാതെ നിർമാണ പ്രവർത്തനം തുടരുകയാണ്. അരുവാപ്പുലം പഞ്ചായത്തിലെ മുളക്കൊടി തോട്ടം വാർഡിലാണ് കൃഷി വകുപ്പിന്റെ ഭൂമിയിൽ കഫ്റ്റീരിയ നിർമിച്ചിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടേക് എ ബ്രേക്ക് കെട്ടിടത്തെ മറച്ചാണ് നിർമാണപ്രവർത്തനം. ടേക് എ ബ്രേക്കിനായി നിർമിച്ച കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മുറിയുടെ ഷട്ടർ പൊളിച്ചുമാറ്റി കഫ്റ്റീരിയ നടത്തിപ്പുകാർ അവിടെ വേറെ ക്യാബിനും നിർമിച്ചുകഴിഞ്ഞു.
കൂടാതെ വഴിയിടത്തിന്റെ ബോർഡും അവിടെനിന്ന് നീക്കി. സാധാരണ, പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകർക്കാണ് ടേക്ക് എ ബ്രേക്ക് നടത്തിപ്പിന് ചുമതല നൽകുന്നത്. എന്നാൽ 19 കുടുംബശ്രീ യൂനിറ്റുള്ള ഈ വാർഡിൽ ടേക്ക് എ ബ്രേക്കിന് അംഗങ്ങൾ വിസമ്മതം അറിയിച്ചെന്നും അതിനാൽ വഴിയിട പരിപാലനം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നൽകാൻ പ്രസിഡന്റ് ഉൾപ്പടെയുള്ളവർ തീരുമാനമെടുത്തെന്നുമാണ് പറയപ്പെടുന്നത്.പ്രസിഡന്റിന് താല്പര്യമുള്ള പാർട്ടി യുവജന സംഘടന നേതാക്കളിൽപ്പെട്ടവർക്കാണ് സർക്കാർ ഭൂമിയിൽ അനധികൃതമായി കഫ്റ്റീരിയ നടത്തിപ്പിന് അനുമതി നൽകിയിരിക്കുന്നത്. അതേസമയം കഫ്റ്റീരിയ നിർമാണത്തിന് കൃഷി വകുപ്പ് അനുമതി നൽകിയിട്ടില്ലെന്നും അനധികൃതമായാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നുമാണ് പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫിസർ വ്യക്തമാക്കുന്നത്. മുമ്പ് പന്തളം ഫാമിങ് കോർപറേഷന്റെ അധീനതയിൽ ഉണ്ടായിരുന്ന ഭൂമിയാണിത്. നിലവിൽ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫിസിനാണ് മേൽനോട്ട അധികാരം.
കഫ്റ്റീരിയ മാത്രമല്ല നിർമാണത്തിന്റെ മറവിൽ ടേക് എ ബ്രേക്ക് കെട്ടിടത്തിന്റെ ഷട്ടർ ഇളക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കോന്നി മെഡിക്കൽ കോളജ്, കേന്ദ്രീയ വിദ്യാലയം, ഡ്രഗ്സ് കൺട്രോൾ ലാബ് തുടങ്ങിയ സ്ഥാപനങ്ങൾക്കെല്ലാം കൃഷി വകുപ്പിന്റെ ഭൂമിയാണ് വിട്ടുനൽകിയിട്ടുള്ളത്. എന്നാൽ സ്വകാര്യ വ്യക്തികൾ വ്യാപക കയ്യേറ്റമാണ് ഇവിടെ നടത്തുന്നത്. കൃഷി ഭൂമിയുടെ അതിർത്തി നിശ്ചയിക്കുന്ന വേലികൾ പോലും പലയിടത്തും പൊളിച്ചുമാറ്റപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട് കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നാണ് വ്യാപക ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.