കലക്ടറേറ്റ് വളപ്പിലെ പ്ലാനിങ് ഓഫിസ് കെട്ടിടം
പത്തനംതിട്ട: കലക്ടറേറ്റ് വളപ്പിലെ പ്ലാനിങ് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങാൻ തുടങ്ങിയിട്ട് നാളുകളായി. നവംബറിൽ ഉദ്ഘാടനം നടത്താനുള്ള ശ്രമവും നീണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടനം നടത്തണോ വേണ്ടയോ എന്ന ആശങ്കയിലാണ് അധികൃതർ. മാർച്ചിലോ ഏപ്രിലിലോ ഉദ്ഘാടനം നടത്താനാണ് പുതിയ തീരുമാനം.
നവംബറിൽ ഉദ്ഘാടനം നടത്താൻ നീക്കമുണ്ടായെങ്കിലും നടന്നില്ല. അവസാനഘട്ട ഇലക്ട്രോണിക്സ് ജോലികൾ നടക്കുകയാണ്. ആറ് നിലകളിലായാണ് പ്ലാനിങ് ഓഫിസ് കെട്ടിടം. താഴത്തെ നിലയും ഒന്നാംനിലയുടെ പകുതിയും പാർക്കിങ്ങിന് നൽകും.
തുടർന്നുള്ള മൂന്നുനിലകൾ ഓഫിസുകൾക്ക് ഉപയോഗിക്കും. പ്ലാനിങ് ഓഫിസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിങ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ചേരുന്നതാണ് പ്ലാനിങ് വിഭാഗം. ഇപ്പോൾ പ്ലാനിങ് ഓഫിസ് കലക്ടറേറ്റിലും ബാക്കി രണ്ടു വിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിക്കുന്നത്.
തുടക്കത്തിൽ 8.25 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. ശേഷം 10.46 കോടി രൂപയായി വർധിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ വൺ ടൈം എ.എസ്.എ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.
2015 നവംബറിൽ സ്ഥലം കൈമാറി തറക്കല്ലിട്ട ഓഫിസ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പ് പണി തീർക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ക്വാറി ഉൽപന്നങ്ങളുടെ ക്ഷാമം തിരിച്ചടിയായി. വീണ്ടും കാലാവധി നീട്ടി നൽകി. അതോടെ നിർമാണം വീണ്ടും നീളുകയായിരുന്നു. പണി അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ 11 കോടിയോളം ചെലവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.