യു.ഡി.എഫ് ക്യാമ്പിൽ പ്രതീക്ഷ; എൽ.ഡി.എഫിൽ വീണ്ടും കണക്കുകൂട്ടലിന്റെ ദിനം

പന്തളം: നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾക്കുശേഷം ശരിയായ ഫലപ്രഖ്യാപനം വരാൻ ഒരു ദിനം ബാക്കിയിരിക്കേ യു.ഡി.എഫ് ക്യാമ്പിൽ പ്രതീക്ഷ, എൽ.ഡി.എഫിൽ വീണ്ടും കണക്കുകൂട്ടലിന്റെ മറ്റൊരു ദിവസം. അവസാനഘട്ട കണക്കുകൂട്ടലുകൾ ഇപ്പോഴും തുടരുകയാണ്. പാർട്ടി പ്രതീക്ഷയർപ്പിച്ചിരിക്കുന്ന മണ്ഡലത്തിലെ ജനവിധി എന്താകുമെന്ന ആകാംക്ഷയോടെ ബി.ജെ.പി. എല്ലാ എക്സിറ്റ് പോളുകളും സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരുമെന്നു പ്രവചിക്കുന്നതിന്റെ ചുവടുപിടിച്ചാണ് കണക്കുകളും.

പത്തനംതിട്ട ജില്ലയിലെ അഞ്ച് സീറ്റിൽ അഞ്ചും യു.ഡി.എഫിനാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഉറപ്പായും വിജയിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്ന അടൂർ, ആറന്മുള, തിരുവല്ല എന്നിവക്കു പുറമെ റാന്നി, കോന്നി മണ്ഡലങ്ങൾകൂടി കിട്ടിയേക്കുമെന്നാണു പ്രവചനം.

അതേസമയം കോന്നി, റാന്നി മണ്ഡലങ്ങളാണ് ജില്ലയിൽ എൽ.ഡി.എഫിനു പ്രവചിക്കുന്നത്. മറ്റു മണ്ഡലങ്ങളിൽ കടുത്ത മത്സരമായിരുന്നു എന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. മന്ത്രി വീണ ജോർജ് വിജയിക്കും എന്നാണ് നേതൃത്വം പങ്കുവെക്കുന്നത്. ചില എക്സിറ്റ് പോളുകൾ ഒന്നു മുതൽ മൂന്നു വരെ സീറ്റുകൾ ബി.ജെ.പിക്ക് പ്രവചിക്കുന്നതിൽ തിരുവല്ലയുണ്ടെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

2021ൽ ജില്ലയിലെ അഞ്ച് സീറ്റും സ്വന്തമാക്കിയ എൽ.ഡി.എഫിന് ഇക്കുറി ഒരു സീറ്റ് കുറഞ്ഞാൽ പോലും അതു ക്ഷീണമാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നേറ്റം നേടിയ ജില്ലയാണ് പത്തനംതിട്ട. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് നേടിയ മികച്ച വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ സി.പി.എമ്മും ഇടതുമുന്നണി നേതൃത്വവും വെട്ടിലാകും. അങ്ങനെയുണ്ടാകില്ലെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും എക്സിറ്റ് പോൾ ഫലങ്ങൾ അവരുടെ ഉറക്കം കെടുത്തുന്നുണ്ട്.

യു.ഡി.എഫ് അഞ്ച് സീറ്റും തിരിച്ചുപിടിക്കും എന്നാണ് നേതൃത്വത്തിന്റെ കണക്ക്. എങ്കിൽ മാത്രമേ, സർക്കാർ രൂപവത്കരിക്കാൻ അതു മുതൽക്കൂട്ടാകൂ. യു.ഡി.എഫ് ക്യാമ്പ് ശുഭപ്രതീക്ഷയിലാണ്.

Tags:    
News Summary - Hope in the UDF camp; Another day of reckoning in the LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.