മേലെ വെട്ടിപ്പുറം-പൂക്കോട് റോഡില്‍ പട്ടന്തറ എല്‍.പി സ്കൂളിന് സമീപം കുന്നിടിച്ച് മണ്ണ് കടത്തുന്നു
പത്തനംതിട്ട: ഹൈവേ നിർമാണത്തിനെന്ന വ്യാജേന പത്തനംതിട്ട നഗരാതിർത്തിയിൽ വൻ കുന്നിടിച്ച് മണ്ണ് കടത്തുന്നു. മേലെ വെട്ടിപ്പുറം-പൂക്കോട് റോഡില്‍ പട്ടന്തറ എല്‍.പി സ്കൂളിന് സമീപമാണ് അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നത്. നൂറുകണക്കിന് ലോഡ് മണ്ണാണ് ഇവിടെ നിന്ന് ടിപ്പറുകളിൽ കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഇവിടെ കുന്നിടിച്ച് മണ്ണ് കടത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഇപ്പോള്‍ ഹൈവേയുടെ നിർമാണത്തിന്റെ മറവിലാണ് മണ്ണ് കടത്ത്. നഗരസഭ ഭരണപക്ഷ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് കുന്നിടിച്ച് നിരത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുമ്പും ഇവിടെ ഈ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
പത്തനംതിട്ട നഗരസഭ-ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ അതിർത്തി പങ്കിടുന്ന മേഖലയാണ് ഇവിടെ. പത്തനംതിട്ട നഗരത്തോട് ചേർന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള ഇവിടെ യാതൊരു പഠനവും നടത്താതെയാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മണ്ണെടുപ്പിന് അനുമതി നൽകിയത്. നഗരത്തിലേക്കുള്ള പ്രവേശന കവാടമായ ഇവിടം വളരെ മനോഹരമായ പ്രദേശമാണ്. ഹൈവേ നിർമാണത്തിന് മണ്ണ് നൽകണമെന്ന സർക്കാർ ഉത്തരവ് പ്രകാരമാണ് കുന്നിടിച്ച് മണ്ണ് കടത്താൻ അനുമതി നൽകിയതെന്ന് ജില്ല ജിയോളജി ഉദ്യോഗസ്ഥൻ ഷൈജു പറയുന്നു. പാരിസ്ഥിക പഠനം ഒന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ, ചുരുക്കം ചില നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും മണ്ണ് മാഫിയ രാഷ്ട്രീയ പാർട്ടികളെയെല്ലാം കൈയിലെടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.