മല്ലപ്പള്ളി: ചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ കടമ്പാട്ടുപടിക്ക് സമീപം വളവിൽ മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക് കവറിലും ചാക്കുകളിലും കെട്ടിയ നിലയിൽ മാലിന്യം റോഡിലേക്കും അരികുകളിലും വലിച്ചെറിയുകയാണ്. മാലിന്യം വാഹനങ്ങൾ കയറി റോഡിലേക്ക് നിരന്നുകിടക്കുന്നതിനാൽ ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാകുന്നു. ദുർഗന്ധം വമിക്കുന്നതിനാൽ പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്. പറവകൾ കൊത്തിവലിച്ച് കുടിവെള്ള സ്രോതസ്സുകളും മറ്റും മലിനമാകുന്ന സ്ഥിതിയാണ്. മാലിന്യം കുമിയുന്നതിനാൽ തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യവും രൂക്ഷമാണ്. ഇവിടെ റോഡിന്റെ വശത്ത് മിനിമെറ്റീരിയൽ കലക്ഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് നിറഞ്ഞ് ദുർഗന്ധം അസഹ്യമായതായ നാട്ടുകാരുടെ പരാതിയെ തുടർന്ന് രണ്ടു മാസം മുമ്പാണ് നീക്കം ചെയ്തത്.
ഇപ്പോൾ ഇതിന് സമീപം റോഡിലേക്ക് വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുകയാണ്. പ്രദേശത്ത് സ്വകാര്യ വസ്തു കാടുകയറി കിടക്കുന്നതിനാൽ മത്സ്യമാംസ അവശിഷ്ടങ്ങൾവരെ ദൂരെ സ്ഥലങ്ങളിൽനിന്ന് പോലും ഇവിടെ കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ പറയുന്നു. ഡെങ്കിപ്പനി ഉൾപ്പെടെ മാരകരോഗങ്ങൾ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.