വ​ന​മേ​ഖ​ല​യി​ൽ ടാ​ങ്കി​യ കൃ​ഷി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ

പത്തനംതിട്ട: വനമേഖലയിൽ ടാങ്കിയ കൃഷി പുനരാരംഭിക്കണമെന്ന ആവശ്യവുമായി കർഷകർ. കോന്നി താലൂക്കിലെ കർഷകർ ഇതുസംബന്ധിച്ച് വനംവകുപ്പിന് നിവേദനം നൽകി. തരിശുഭൂമിയിൽ പുതിയ തേക്കുതൈകൾ നട്ടുപിടിപ്പിച്ചശേഷം 2-3 വർഷത്തേക്ക് ഇടവിളയായി മറ്റ് കൃഷിക്ക് കർഷകർക്ക് നൽകുന്നതാണ് ടാങ്കിയ കൃഷി. തേക്കുതൈകൾ പൊക്കത്തിലായി ഇലകൾ കൂടുമ്പോഴേക്കും കർഷകരുടെ കൃഷി അവസാനിക്കും. ഇൗ സമയം വരെ തേക്കുതൈകളുടെ സംരക്ഷണ ചുമതല കർഷകർക്കാണ്.

നേരത്തെ മലയോര മേഖലയിൽ ഇൗ രീതി നിലനിന്നിരുന്നു. പാകമായ തേക്കുമരങ്ങൾ വെട്ടിയ ശേഷമുള്ള തരിശുഭൂമിയിൽ നെല്ല്, പച്ചക്കറികൾ, മുതിര, പയർ തുടങ്ങിയവ കൃഷി ചെയ്യാൻ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം. തേക്കുമരം വെട്ടിമാറ്റിയ ഭൂമിയിൽ വേലികെട്ടി കൃഷി ചെയ്താൽ ഭക്ഷ്യോത്പാദനം വർധിക്കുകയും കർഷകർക്ക് ഇടക്കാല വരുമാനമാവുകയും ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തേക്ക് പ്ലാന്റേഷനുകൾ ഉണ്ടായിരുന്നത് നടുവത്തുമൂഴി റേഞ്ച് ഓഫിസിന്റെ പരിധിയിലായിരുന്നു.

പാടം, വെള്ളംതെറ്റി, മണ്ണീറ, കൊക്കാത്തോട് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് ഇൗ റേഞ്ച്. 156 ലോഡിങ് തൊഴിലാളികളുണ്ടായിരുന്നു. വനമേഖലയിൽ മറ്റ് തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സ്ത്രീകളടക്കമുള്ള 200 ലധികം തൊഴിലാളികൾ വേറെയുമുണ്ട്. തേക്കുതോട്ടങ്ങളിലെ തീർത്തുവെട്ട്, ഇട‌വെട്ട്, വള്ളിവെട്ട്, അടിക്കാട് തെളിക്കൽ, ഫയർലൈൻ, പ്ലാന്റിംഗ് എന്നിവ നടത്താത്തതുമൂലം തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് കാർഷിക വൃത്തിയിൽ താൽപര്യമുള്ള തൊഴിലാളികൾ ടാങ്കിയ കൃഷിക്ക് അനുവാദം തേടി വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത്.

എന്നാൽ, വന്യമൃഗങ്ങളും പന്നിയും കുരങ്ങുമെല്ലാം നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിൽ ഇത് എത്രമാത്രം ഫലപ്രദമാമാകുമെന്ന് സംശയമുണ്ട്. ടാങ്കിയ കൃഷിയോട് വനംവകുപ്പിനും താൽപര്യമില്ല. മണ്ണൊലിപ്പ് ഉണ്ടാവുകയും വന്യമൃഗശല്യം രൂക്ഷമാവുകയും ചെയ്യുമെന്നാണ് അവരുടെ വാദം. തുടർച്ചയായ വളപ്രയോഗങ്ങൾ മണ്ണിന്റെ ഘട‌നക്ക് ദോഷമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു

Tags:    
News Summary - Farmers want to resume tank farming in forest areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.