പന്തളം: ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്നുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമായ സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധനകൾ കർശനമാക്കുന്നു. ഫെബ്രുവരിയിൽ മാത്രം നൂറിലേറെ ലഹരിമരുന്നു കേസാണ് രജിസ്റ്റർ ചെയ്തത്. അന്തർസംസ്ഥാന ബസുകളിലും പരിശോധന കൂടുതൽ ശക്തമാക്കും. വൻ ലഹരിവേട്ടകളിൽ പ്രതിയുടെ ആറുവർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച ശേഷം അത് ലഹരിമരുന്ന് ഇടപാടിലൂടെയാണെന്നു ബോധ്യമായാൽ സ്വത്ത് കണ്ടുകെട്ടാൻ വ്യവസ്ഥയുണ്ട്. അതുംകർശനമാക്കാനാണ് നിർദേശം
ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിൽനിന്നുള്ള ട്രെയിനിലും ചരക്കു വാഹനങ്ങളിലുമായാണു കഞ്ചാവ് ഇവിടെ എത്തുന്നത്. അവിടെ നിന്നു വാങ്ങി ഇവിടെ ചില്ലറ വിൽപന നടത്തുമ്പോഴുള്ള ലാഭം നോക്കിയാണ് ചിലർ കച്ചവടത്തിനിറങ്ങുന്നത്. അന്തർസംസ്ഥാന തൊഴിലാളികളും വലിയ തോതിൽ കഞ്ചാവ് കടത്തുന്നുണ്ട്. അവരുടെ ഇടയിൽ പരിശോധന കർശനമാക്കും. പന്തളത്ത് ആറുമാസത്തിനിടയിൽ നിരവധി അന്തർസംസ്ഥാന തൊഴിലാളികളെയാണ് കഞ്ചാവുമായി പൊലീസും എക്സൈസും പിടികൂടിയത്.
ബംഗളൂരു, ഡൽഹി നഗരങ്ങളിൽനിന്നാണു രാസലഹരി എത്തുന്നത്. അവിടെ പഠിക്കുന്ന വിദ്യാർഥികളിൽ ചിലർ സ്ഥിരം കാരിയർമാരാണ്. ഡാർക്ക് വെബ് വഴി ഓർഡർ ചെയ്തു കൊറിയർ വഴി വിലയേറിയ രാസലഹരി എത്തുന്നുണ്ട്. ഡാർക്ക് വെബിലെ ഓർഡറുകൾ നിരീക്ഷിക്കാൻ എക്സൈസിന് സംവിധാനമില്ല. പക്ഷേ, പോസ്റ്റ് ഓഫിസുകൾ, കൊറിയർ ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന രഹസ്യാന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. കഴിഞ്ഞ വർഷം പന്തളത്തെ ഹോട്ടലിൽനിന്നും സ്ത്രീ ഉൾപ്പെടെ ആറുപേരെ പൊലീസ് എം.ഡി.എം.എയുമായി പിടികൂടിയത്. ബംളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയാണ് പിന്നിലെന്ന് പൊലീസ് അന്ന് കണ്ടെത്തിയിരുന്നു.
സിനിമകളിലും സമൂഹമാധ്യമങ്ങളിലും ലഹരി ഉപയോഗം സാമാന്യവത്കരിച്ചും നായകന്റെ ശീലമായും മറ്റും കാണിക്കുന്നതും സ്വാധീനിക്കും. ലഹരി ഉപയോഗിക്കുന്നവർക്ക് അവസാനം എന്താണു ഗതിയെന്നു സിനിമ പറയുന്നില്ല.
രാസലഹരിക്ക് അടിമപ്പെടുന്നവർ ഏഴു വർഷത്തിനകം മാരക രോഗബാധിതരാകുമെന്നും ദുരിതമനുഭവിച്ചാകും മരണമെന്നുമാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്.
കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ ലഹരിമരുന്ന് പിടിച്ചെടുത്തത്. കോവിഡിനു ശേഷം യുവാക്കളുടെ സ്വഭാവത്തിൽ ഉൾപ്പെടെ മാറ്റം വന്നു.
ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഉണർവ് എന്ന പദ്ധതിയിലൂടെ സ്കൂളുകൾ കേന്ദ്രീകരിച്ചും നേർക്കൂട്ടം പദ്ധതി വഴി കോളജുകളിലും ബോധവത്കരണം നടത്തുന്നുണ്ട്. ഇതു ശക്തമാക്കും. വാർഡ്തല ജനജാഗ്രത സമിതികളും ശക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.