പന്തളം: പന്തളം കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ കയ്യേറ്റമൊഴിപ്പിക്കാനെത്തിയ നഗരസഭ അധികൃതരും കോൺഗ്രസ് നേതാക്കളും തമ്മിൽ തർക്കം. ഒടുവിൽ ഉടമസ്ഥൻ തന്നെ കൈയേറ്റം പൊളിച്ചുനീക്കാമെന്ന് ഉറപ്പ് നൽകിയതോടെ ഉദ്യോഗസ്ഥർ മടങ്ങി.
പന്തളം തോന്നല്ലൂർ ഫാത്തിമ മൻസിലിൽ മുഹമ്മദ് ഷാഫിയുടെ കെട്ടിടത്തിലെ കയ്യേറ്റമൊഴിപ്പിക്കാനായിരുന്നു വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ നഗരസഭ ഉദ്യോഗസ്ഥരെത്തിയത്. റവന്യൂ ഇൻസ്പെക്ടർ ടി.ആർ. വിജയകുമാർ, അസി. എൻജിനീയർ കെ. ജയകുമാർ എന്നിവരാണ് നടപടിക്കെത്തിയത്. നടപടികളാരംഭിച്ചപ്പോഴേക്കും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും സ്ഥലത്ത് സംഘടിച്ചു.
കൈയേറ്റം പൊളിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ എതിർത്തു. കയ്യേറ്റമുള്ള ഭാഗം ഒഴിയുന്നതിന് തടസ്സമില്ലെന്നും കൂടുതൽ ഭാഗം പൊളിക്കാനുള്ള നീക്കം തടയുമെന്നും സക്കറിയ വർഗീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. നഗരസഭ കൗൺസിലിൽ വിഷയം അജൻഡയാക്കി ചർച്ച ചെയ്യാതെ പൊളിക്കാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടത് നിയമപരമല്ലെന്നും അദ്ദേഹം ആരോപിച്ചു.
തുടർന്ന് പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കവുമുണ്ടായി. പന്തളം എസ്.ഐ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസുമെത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ കയ്യേറ്റമുള്ള ഭാഗം മാത്രം സ്വയം പൊളിച്ചുമാറ്റാമെന്ന് കെട്ടിട ഉടമ മുഹമ്മദ് ഷാഫി ഉദ്യോഗസ്ഥരെ അറിയിച്ചു.
പിന്നീടാണ്, ഉദ്യോഗസ്ഥരും പൊലീസും മടങ്ങിയത്. കയ്യേറ്റമൊഴിപ്പിക്കണമെന്ന് പലതവണ നോട്ടിസ് നൽകിയിരുന്നെന്ന് നഗരസഭ അധികൃതർ പറഞ്ഞു. കൗൺസിലിൽ തീരുമാനമെടുത്തിരുന്നെന്നും ജില്ല വികസന സമിതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്നും നഗരസഭ അധികൃതർ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഷെറീഫ്, നേതാക്കളായ എ. നൗഷാദ് റാവുത്തർ, ജി. അനിൽകുമാർ, ഇ.എസ്. നുജുമുദ്ദീൻ, മുഹമ്മദ് ഷെഫീഖ്, പന്തളം വാഹിദ്, ബൈജു മുകടിയിൽ, സോളമൻ വരുവാകാലായിൽ, ഷാജി. എം.എസ്.ബി.ആർ, നസീർ കടയ്ക്കാട് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.