പത്തനംതിട്ട: കാട്ടുമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുമ്പോൾ ആനകളെ ആകർഷിക്കുന്ന കാർഷിക വിളകൾ കൃഷി ചെയ്യരുതെന്ന നിർദേശവുമായി വനം വകുപ്പ്. തെങ്ങ്, വാഴ, കൈത എന്നിവ കൃഷി ചെയ്യുന്ന ഇടങ്ങളിലേക്കാണ് ആന കൂടുതലായി എത്തുന്നത്. സഹ്യവനത്തോടു ചേർന്നുള്ള കൃഷിയെ സംബന്ധിച്ച് വർഷങ്ങൾക്കു മുമ്പ് തയാറാക്കിയ നയമാണ് ഇപ്പോൾ വനംവകുപ്പ് നടപ്പാക്കാൻ ശ്രമിക്കുന്നത്.
പഴയകാലത്തെ തോട്ട വികസന നയം അനുസരിച്ച് വനത്തോടു ചേർന്നുള്ള പാട്ടഭൂമിയിലോ സ്വകാര്യ ഭൂമിയിലോ റബർ, കാപ്പി, ഏലം, തേയില എന്നീ നാണ്യവിളകളുടെ കൃഷി മാത്രമാണ് അനുവദനീയം. മറ്റു കൃഷികൾ പലതും കാട്ടിൽ വസിക്കേണ്ട മൃഗങ്ങളെ നാട്ടിലേക്ക് ക്ഷണിച്ചു വരുത്തുമെന്നാണ് വനംവകുപ്പ് പറയുന്നത്.
പ്ലാവ് ഉണ്ടെങ്കിലും കർഷകർക്ക് ചക്ക ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ആനയെ ഭയന്ന് ചക്ക ഉണ്ടാകുമ്പോൾ കർഷകർ തന്നെ സ്വയം വെട്ടിനശിപ്പിക്കുകയാണ്. ആന ഇറങ്ങുമെന്ന പേരിൽ സ്വകാര്യ കൃഷിയിടത്തിൽ കൈതച്ചക്ക കൃഷി നടത്തുന്നതിനെയും വനപാലകർ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ആനകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് കൈതച്ചക്കയും കരിമ്പും. റബറിനു ന്യായവില ലഭിക്കാതെ വരികയും വിലസ്ഥിരത നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിലാണ് കൈതക്കൃഷിയിലേക്ക് ആളുകൾ തിരിഞ്ഞത്. വന്യ ജീവി ശല്യത്തെ തുടർന്ന് മലയോര മേഖലയിൽ തെങ്ങ് കൃഷിയും ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. കാട്ടുപന്നിക്കൂട്ടം തെങ്ങിൻതൈകൾ പിഴുതു മറിച്ചിട്ടു നശിപ്പിക്കുന്നത് പതിവാണ്. കായ്ഫലമെത്തുമ്പോൾ കുരങ്ങിന്റെ വ്യാപക ശല്യവും ഉണ്ടാകുന്നുണ്ട്. കാട്ടാന ഇറങ്ങുന്ന കൃഷിയിടങ്ങളിലെ തെങ്ങ് മറിച്ചിട്ടു നശിപ്പിക്കുന്നതും പതിവു കാഴ്ചയാണ്.
ആശങ്ക പെരുകുന്നു...
കോന്നി: വയനാട് മേഖലയിലും അതിര്‍ത്തി പ്രദേശങ്ങളിലുമായി മാത്രം നാനൂറിലധികം കടുവകളുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ അഞ്ചിരട്ടിയിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്നും അതിനാലാകാം അവ നാട്ടിലേക്ക് ഇറങ്ങുന്നതെന്നുമാണ് പറയുന്നത്. കേരളത്തിന്റെ വനമേഖലയില്‍ ആനകളുടെ എണ്ണം ഇരട്ടിയിലധികമായെന്നുമാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
കടുവ, പുലി, കാട്ടാന ഇവയെല്ലാം ജനവാസമേഖലയിലേക്ക് ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മാത്രം മൂന്നുപേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ വനംമന്ത്രിയുടെ നിർദേശപ്രകാരംവന്യമൃഗങ്ങളുടെ കണക്കെടുപ്പ് നടന്നു വരികയാണ്.
ടൈഗര്‍ റിസര്‍വായ പെരിയാറില്‍ കടുവകളുടെ ആക്രമണം കുറവാണ്. വയനാട്ടിലെ സ്ഥിതി ഭയാനകവും. കഴിഞ്ഞ 15 വര്‍ഷത്തേതിന്റെ ഇരട്ടിയിലധികം ആനകൾ നിലവില്‍ കേരളത്തിന്റെ വനത്തിലുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ വനത്തില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ അധികം മൃഗങ്ങള്‍ ഇപ്പോഴുണ്ടോ എന്ന് ശാസ്ത്രീയമായി പഠിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
കാട്ടുപന്നികളുടെ എണ്ണം 50,000ല്‍ അധികമാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഗവര്‍ണറുടെ സഹായവും വനംമന്ത്രി തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.